തട്ടം അഴിപ്പിക്കലില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.എന്‍.എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍.
മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തട്ടം ഉപേക്ഷിക്കാന്‍ സഹായകമായത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മൂലമാണെന്ന സി.പി.എം നേതാവ് അഡ്വ. അനില്‍കുമാറിന്റെ പ്രസംഗം തികഞ്ഞ മുസ്ലിം വിരുദ്ധത പരാമര്‍ശമാണ്. അനില്‍കുമാര്‍ നാസ്തികനാണെങ്കില്‍ അദ്ദേഹത്തിന്ന് അത് പറയാം. എന്നാല്‍ മുസ്ലിംകളില്‍ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാര്‍ട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാര്‍ഹമായ കാര്യമാണ് അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിയും മദര്‍ തേരസെയും വിവിധ മതങ്ങളിലെ നിരവധി സ്ത്രീകളും തലമറച്ചതിന്റെ പേരില്‍ സ്വതന്ത്ര ചിന്തയും പുരോഗമനവുമില്ലാത്തവരാണെന്ന് പറയാന്‍ പറ്റുമോ. മനുഷ്യന്റെ വസ്ത്രമഴിപ്പിക്കലല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണ് ധാര്‍മ്മികതയും പുരോഗമനവും.
സിഖ് മതചിഹ്നങ്ങളായ തലപ്പാവും താടിയുമുള്ള ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പതിമൂന്ന് വര്‍ഷക്കാലം സി.പി.എം സെക്രട്ടരിയായിരുന്നുവെന്നത് മറക്കരുത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ എന്തുമാവാമെന്ന നിലപാടിലേക്ക് നമ്മുടെ യുവതയെ നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം മനസ്സിലാക്കണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ മറവില്‍ നടപ്പിലാക്കാന്‍ പോവുന്ന അഭാസങ്ങളും അശ്ലീലതയും എത്രമാത്രം വൃത്തികെട്ടതാണെന്നും ശ്രദ്ധിക്കണം. ഒട്ടേറെ ഒച്ചപ്പാടുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായ വിദ്യാഭ്യാസ പരിഷ്‌കരണ ചട്ടക്കൂട് വലിയ മാറ്റമില്ലാതെ വീണ്ടുംപ്രസിദ്ധീകരിച്ചതും വിശ്വാസി സമൂഹത്തോടും ധാര്‍മ്മികതയോടുമുള്ള വെല്ലുവിളി തന്നെയാണ്.അനില്‍ കുമാറും പാര്‍ട്ടിയുംനിലപാട് വ്യക്തമാക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.