പാലക്കാട് എസ.്എഫ്.ഐ മുന്‍ ജില്ലാ നേതാവിനെതിരെ സി.പി.എം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയതായി പരാതി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പുതുശ്ശേരി ഏരിയ മുന്‍ സെക്രട്ടറി കെ.എസ്. അഭിശാന്താണു മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരിശോധിച്ച് പ്രതികരിക്കുമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഭിശാന്തിനെ എസ്എഫ്‌ഐയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്.
പിന്നാലെ ഡിവൈഎഫ്‌ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളിലെ അംഗത്വവും അഭിശാന്ത് രാജിവച്ചു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയാല്‍ കൊലപ്പെടുത്തുമെന്ന് കൊടൂമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ സിപിഎം നേതാവ് സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും സന്ദേശമയച്ചെന്നാണ് അഭിശാന്തിന്റെ പരാതി.
പെണ്‍കുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതാണ് നേതാവിന്റെ വിരോധ കാരണമെന്നാണ് അഭിശാന്ത് പറയുന്നത്. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കോടതിയെ സമീപിപ്പിക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.