പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം നഗരസഭ മുന്‍ അംഗവും സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും സി.പി.എം നേതാവുമായ കെ.വി.ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നും മാനേജ്‌മെന്റിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നാളെ സെന്റ്ജെമാസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും. നാളെ രാവിലെ പത്തുമണിക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം സി.പി.എം നേതാവും മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായിരുന്ന കെ.വി ശശികുമാറിനെതിരെ പീഡന പരാതിയുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍. സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ 60 ഓളം പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തി ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. അറസ്റ്റിനുള്ള ഒരുക്കങ്ങള്‍ക്കിടെ മൂന്നു ദിവസമായി ഇദ്ദേഹം ഒളിവിലാണ്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇതുവരെ സംരക്ഷണം നല്‍കിയ സി.പി.എം വെട്ടിലായി. ഇതോടെ പാര്‍ട്ടി കഴിഞ്ഞ ദിവസം നാടകീയമായി യോഗം വളിച്ചു അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു. നഗരസഭക്കും ഓണ്‍ലൈന്‍ വഴി രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്‌കൂളില്‍ നിന്നും ഇദ്ദേഹം വിരമിച്ചത്. ഇതോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതു പല പൂര്‍വ വിദ്യാര്‍ഥിനികളെയും ചൊടിപ്പിച്ചു. ഈ അധ്യാപകന്‍ നിരവധി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തവനാണെന്നും ഇത്തരത്തിലൊരു യാത്രയയപ്പിന് ഒരു നിലക്കും അദ്ദേഹം അര്‍ഹനല്ലെന്നും സൂചിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
കൂടാതെ ഇദ്ദേഹം പഠിപ്പിച്ച മറ്റൊരു പെണ്‍കുട്ടി ഫേസ്ബുക്ക് വഴി പീഡന ആരോപണവുമായി രംഗത്തെത്തുകയും ചെയ്തു. പിന്നീട് കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിന് വിധേയരായി എന്ന് വെളിപ്പെടുത്തിയതോടെ അദ്ദേഹം വെട്ടിലായി. സി.പി.എം പാര്‍ട്ടിയും ഇതോടെ സമ്മര്‍ദത്തിലായി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം അത്മഹത്യക്ക് ശ്രമിച്ചിരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. യു.പി സ്‌കൂള്‍ അധ്യാപകനായ ഇദ്ദേഹം ഒരോ ക്ലാസിലെയും ശാരീരിക വളര്‍ച്ചയുള്ള കുട്ടികളെ കണ്ടെത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.