സി.പി.എമ്മിന്റെ ദേശീയ സമ്മേളനമായ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇരുപത്തിമൂന്നാമത് സമ്മേളനം അടുത്ത വര്‍ഷം ഏപ്രിലില്‍ കണ്ണൂരില്‍ നടക്കാനിരിക്കുകയാണ്. ഇതിനുമുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുകയും ഏരിയാസമ്മേളനങ്ങള്‍ നടന്നുവരികയുമാണിപ്പോള്‍. കമ്യൂണിസ്റ്റ് കേന്ദ്രീകൃത സംഘടനാരീതിയാണെങ്കിലും പുറമേക്ക് ജനാധിപത്യ സംഘാടനരീതിയാണ് സി.പി.എമ്മിനുള്ളത്. കേരളം ഭരിക്കുന്ന കക്ഷി എന്ന നിലയില്‍ പൊതുവിഷയങ്ങളില്‍ ആ പാര്‍ട്ടി കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും പൊതുജനങ്ങള്‍ക്കുകൂടി താല്‍പര്യമുള്ളവയായിരിക്കും. അതിലൊന്നാണ് ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ്ബ്യൂറോയുടെയും ഒരു തീരുമാനവും അത് രാഷ്ട്രീയവൃത്തങ്ങളില്‍ കൗതുകമാകുന്നതും. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ-മതേതര കക്ഷിയായ കോണ്‍ഗ്രസിനോടുള്ള സി.പി.എമ്മിന്റെ നിലപാടുമായി ബന്ധപ്പെട്ടതാണത്. കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസിനുള്ള കരടുരേഖയില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരുവിധത്തിലുമുള്ള സഖ്യമോ സഹകരണമോ വേണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സമിതിയുടെയും പൊളിറ്റ്ബ്യൂറോയുടെയും യോഗങ്ങളില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തെ കടുത്ത ഭാഷയില്‍ എതിര്‍ത്തതായാണ് വിവരം. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് സഖ്യത്തെ തള്ളിപ്പറയുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്.
ഫലത്തില്‍ 2018ല്‍ ഹൈദരാബാദില്‍ചേര്‍ന്ന പാര്‍ട്ടികോണ്‍ഗ്രസ് ഐകകണ്‌ഠ്യേന പാസാക്കിയ തീരുമാനത്തെയാണ് ഇത്തവണ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷംവരുന്ന കേരള അംഗങ്ങള്‍ചേര്‍ന്ന് തള്ളിക്കളഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി.ജെ.പിയുടെ വര്‍ഗീയ ഭീഷണി ചെറുക്കണമെന്നായിരുന്നു ഹൈദരാബാദ് കോണ്‍ഗ്രസിന്റെ നയമെങ്കില്‍ അത് ഇനിവേണ്ടെന്നാണ് കരടുരേഖ സമര്‍ത്ഥിച്ചിരിക്കുന്നത.് കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സ്വഭാവമുള്ള പാര്‍ട്ടികളല്ലെന്ന സ്വന്തം തീരുമാനം സി.പി.എം ഇതോടെ തള്ളിക്കളഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ‘നയിക്കാന്‍ ശേഷിയില്ലെ’ന്നും അവരുമായി ചേരുന്നതിനുപകരം പ്രാദേശിക തലത്തില്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് ബി. ജെ.പിയെയും കോണ്‍ഗ്രസിനെയും തോല്‍പിക്കണമെന്നുമാണ് പുതിയ തീരുമാനം. ഇതിനര്‍ത്ഥം 2024ലെ പൊതുതിരഞ്ഞെടുപ്പിലുള്‍പ്പെടെ സി.പി.എം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കില്ല എന്നാണ്. ഇത്തരത്തിലൊരു തീരുമാനത്തിനുപിന്നിലെ കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനുള്ള താല്‍പര്യം ന്യായീകരിക്കപ്പെടാവുന്നതാണെങ്കിലും ദേശീയതലത്തില്‍ അന്ധമായ വിരോധം കോണ്‍ഗ്രസിനോട് പുലര്‍ത്തുന്നതിന് വ്യക്തമായ വിശദീകരണം നേതൃത്വത്തിന് നല്‍കാനായിട്ടില്ല. ഇന്നും ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ളതും രാജ്യത്തിന്റെ സര്‍വമേഖലകളിലും വേരുകളുള്ളതുമായ പാര്‍ട്ടിയാണ് അര നൂറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്. സത്യത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയായ ബി.ജെ.പിക്ക് വളമൂട്ടുന്ന ജോലിയാണ് സി.പി.എം നേതാക്കളിപ്പോള്‍ നടത്തിയിരിക്കുന്നത്.
ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് മുമ്പ് കുറച്ചെങ്കിലും വേരുണ്ടായിരുന്നതെങ്കില്‍ അതിന്ന് ശോഷിച്ച്‌ശോഷിച്ച് ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്. 2019 ലോക്‌സഭാതിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വോട്ടുകളുടെ ശതമാനം 1.75 ആണ്. കേരളത്തില്‍നിന്ന് ലഭിച്ചത് ഏക സീറ്റുമാത്രവും. 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഒരൊറ്റയംഗത്തെപോലും വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. ‘ഇടതുപക്ഷ പ്രബുദ്ധതയുള്ള’ അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയതുകാരണം സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും കാലിത്തൊഴുത്തായിരിക്കുന്നു. എന്നിട്ടും രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായിചേരുന്നതിന് സി.പി.എം നേതാക്കള്‍ക്ക് എന്തുകൊണ്ടിത്ര മടിയെന്ന ചോദ്യത്തിനുത്തരം അവരുടെ വര്‍ഗീയ അജണ്ടയാണെന്നല്ലാതെന്താണ് ധരിക്കേണ്ടത്. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയം ഒന്നാണെന്നാണ് സി. പി.എം എന്നും പറയാറ്. വര്‍ഗീയതയുടെയും അക്രമത്തിന്റെയും കാര്യത്തില്‍ ബി.ജെ.പിയാണ് രാജ്യത്തിന് കടുത്തവെല്ലുവിളിയുയര്‍ത്തുന്നതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? വരുന്ന യു.പി, പഞ്ചാബ് മണിപ്പൂര്‍ തിരഞ്ഞെടുപ്പുകള്‍ക്കുമുന്നോടിയായി പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ബി.ജെ.പിയും സംഘ്പരിവാരവും. വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടുന്നു. കര്‍ഷകര്‍ തെരുവില്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. ത്രിപുരയില്‍ കഴിഞ്ഞമാസം മുസ്‌ലിംകളുടെ പള്ളികളും കടകളും തകര്‍ത്തതും ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്തിയതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ്. ഇതൊക്കെക്കൊണ്ട് ബി. ജെ.പിയെ ഏതുവിധേനയും പരാജയപ്പെടുത്തലായിരിക്കണം നാടിന്റെ അടിയന്തരാവശ്യമെന്ന് മതേതര ജനത ഒറ്റക്കെട്ടായി വിളിച്ചുപറയുമ്പോള്‍ പഴയ അന്ധമായ കോണ്‍ഗ്രസ് വിരോധവുമായി സി.പി.എം വീണ്ടും രംഗത്തുവരുന്നതിനെ വങ്കത്തരമെന്നേ വിശേഷിപ്പിക്കാനാകൂ. ഈ വികല നയമാണ് പാര്‍ലമെന്റിലെ 63ല്‍ നിന്ന് ഇന്ന് ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന (അതില്‍ രണ്ടും ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ) അംഗസംഖ്യയിലേക്ക് ചുരുക്കിയതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരെക്കുറിച്ചെന്തുപറയാനാണ്. നിലനില്‍പിനെതന്നെയാണിക്കൂട്ടര്‍ തള്ളിപ്പറയുന്നത്.