X

സി.പി.എമ്മിന്റെ കണ്ണൂര്‍ മോഡല്‍ ചവറയിലും; സ്വന്തം സ്ഥലത്ത് വീട് കെട്ടുന്നത് തടഞ്ഞ് സി.പി.എം പ്രദേശിക നേതൃത്വം

കൊല്ലം: സ്വകാര്യ വ്യക്തിയുടെ മൂന്ന് സെന്റ് സ്ഥലത്ത് വീട് കെട്ടുന്നത് തടയാന്‍ സി.പി.എം കൂറ്റന്‍ കൊടിമരം സ്ഥാപിച്ചതായി പരാതി. തേവലക്കര പാലയ്ക്കല്‍ വെട്ടിളച്ചം വീട്ടില്‍ ഷാജഹാനാണ് കൊല്ലം ആര്‍.ഡി.ഒ യ്ക്കും തെക്കുംഭാഗം പോലിസ് സ്‌റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നത്.

തേവലക്കര പൂഴംകുളം ജംഗ്ഷനിലെ സ്ഥലം ആറ് മാസം മുമ്പാണ് ഷാജഹാന്‍ വിലക്ക് വാങ്ങിയത്. കെട്ടിടം നിര്‍മ്മിക്കാന്‍ ഷാജഹാന്‍ നല്‍കിയ അപേക്ഷയില്‍ തേവലക്കര പഞ്ചായത്തും അനുമതി നല്‍കിയിരുന്നു. ഇതിനിടയിലാണ് രാത്രി പതിനൊന്ന് മണിക്ക് ശേഷം ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വസ്തുവിലേക്ക് വാഹനങ്ങള്‍ കടക്കാത്ത രീതിയില്‍ തടസം സൃഷ്ടിച്ച് കൊടിമരം സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ മാറി സി.പി.എമ്മിന്റെ വര്‍ഗ ബഹുജന സംഘടനയുടെ മറ്റൊരു കൊടിമരം ഉണ്ടെന്നിരിക്കെയാണ് ഇത്തരമൊരു കൊടിമരം വീണ്ടും സ്ഥാപിച്ചത് എന്നതും ശ്രദ്ധേയമാണ്. ആര്‍.ഡി.ഒയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസിനോട് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആഴ്ചകള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ തെക്കുംഭാഗം പൊലിസ് തയ്യാറായിട്ടില്ല .ചില സി.പി.എം പ്രദേശിക നേതാക്കള്‍ ജംഗ്ഷനിലെ ഏറ്റവും തിരക്കേറിയ ഈ വസ്തു വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത് കിട്ടാതെ വന്നതിന്റെ പ്രതികാരത്തിന്റെ ഭാഗമാണ് ഈ നടപടി. നാട്ടുകാര്‍ക്കും വന്‍പ്രതിഷേധമാണ് ഈ വിഷയത്തിലുള്ളത്. ആര്‍.ഡി.ഒ റിപ്പോര്‍ട്ട് ആവശ്യപെട്ടതായും ഇത് ഉടന്‍ കൈമാറുമെന്നും തെക്കുംഭാഗം എസ്.ഐ അറിയിച്ചു .ഈ വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരന്‍ പറഞ്ഞു .

chandrika: