ന്യൂഡല്‍ഹി: പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറി സ്ഥാനത്തു നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ജിവി ശ്രീരാമ റെഡ്ഡിയെ പുറത്താക്കി. യെച്ചൂരി പക്ഷക്കാരനായ റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. യു ബസവരാജാണ് പുതിയ സംസ്ഥാന സെക്രട്ടറി.
പാര്‍ട്ടി അംഗമായ സ്ത്രീയാണ് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിക്കെതിരെ നടപടി തീരുമാനിച്ചത്. റെഡ്ഡിയും പങ്കെടുത്ത യോഗത്തില്‍ ചിലര്‍ നടപടിയെ എതിര്‍ത്തു. ചിലര്‍ വിട്ടുനിന്നു. ഇതേ യോഗത്തിലാണ് പികെ ശശി എംഎല്‍എയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവച്ചത്.
തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചു. മേല്‍ഘടകത്തിന്റെ തീരുമാനമെന്നതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്. യോ?ഗത്തില്‍ സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി തുടങ്ങിയവര്‍ കേന്ദ്രത്തില്‍ നിന്നു പങ്കെടുത്തു.