X
    Categories: keralaNews

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന് എതിരില്ല; ആന്തൂരില്‍ സിപിഎമ്മിനും എതിരില്ല

കണ്ണൂരില്‍: ആന്തൂര്‍ നഗരസഭയിലടക്കം കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഏകാധിപത്യ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 15 ഇടങ്ങളിലാണ് സിപിഎം എതിരില്ലാതെ ജയിച്ചത്. ആന്തൂര്‍-ആറ്, തളിപ്പറമ്പ്-ഒന്ന്, മലപ്പട്ടം-അഞ്ച്, കോട്ടയം മലബാര്‍-ഒന്ന്, കാങ്കോല്‍-ആലപ്പടമ്പ-രണ്ട് എന്നിവിടങ്ങളിലാണ് സിപിഎം പ്രതിനിധികള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടത്.

തങ്ങളുടെ സംഘടനാശക്തിയായാണ് സിപിഎം നേതാക്കള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മത്സരിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഇവിടങ്ങളില്‍ സിപിഎം എതിരാളികളെ നിശബ്ദരാക്കുന്നത്. 1995ല്‍ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിലെ മുഴുവന്‍ വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പിന്നീട് ഇതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദാസനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇവിടങ്ങളിലൊന്നും യുഡിഎഫിന് മത്സരിക്കാന്‍ ആളില്ലെന്നാണ് സിപിഎം പറയുന്നത്. ഇത് വസ്തുതാവിരുദ്ധമാണ്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ ‘എതിരില്ലാതെ’ ജയിച്ചു കയറിയ ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് നാലായിരത്തിലധികം വോട്ടുകള്‍. ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്ന ഘട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ഇത്രയും വോട്ടുകള്‍ പിടിച്ചെടുത്തത്. ‘എതിരില്ലാതെ’ ജയിച്ച മലപ്പട്ടം പഞ്ചായത്തിലെ പല ബൂത്തിലും യുഡിഎഫ് ഇരുനൂറു വോട്ടു വരെ നേടിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വരുന്ന വേളയില്‍ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയാണ് സിപിഎമ്മിന്റെ പതിവ്. ആന്തൂര്‍ നഗരസഭയില്‍ ഇത്തവണ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെയും കണ്ടെത്തിയിരുന്നു. എന്നാല്‍ വാര്‍ഡിലെ വോട്ടര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. സിപിഎം ഭീഷണിയെ തുടര്‍ന്നാണ് പല വാര്‍ഡുകളിലും വോട്ടര്‍മാര്‍ പിന്മാറിയത് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസം എത്ര ഭീകരമായാണ് എതിരാളികളെ നിശബ്ദരാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കണ്ണൂരില്‍ കാണുന്നത്. ഉത്തര കൊറിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ കിം ജോങ് ഉന്‍ എതിരാളികളെ കൊലപ്പെടുത്തിയും പീഡിപ്പിച്ചും ഏകാധിപതിയായി ഭരിക്കുന്നതുപോലെയുള്ള ഒരു ഭരണമാണ് കേരളത്തിലും സിപിഎം സ്വപ്‌നം കാണുന്നത്. അതിന്റെ ആദ്യ സൂചനകളാണ് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ കാണുന്നത്. ഫാസിസത്തിനെതിരെ നിരന്തരം എഴുതുകയും പറയുകയും ചെയ്യുന്ന ഇടത് ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റ് ഫാസിസത്തെ ന്യായീകരിച്ച് പ്രബന്ധം രചിക്കുന്ന തിരക്കിലാണ് എന്നതാണ് മറ്റൊരു വിരോധാഭാസം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: