X

സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു; പാര്‍ട്ടിയെ വെട്ടിലാക്കി പാലോളി മുഹമ്മദ് കുട്ടി

കോഴിക്കോട്: സിപിഎം ജമാഅത്തെ ഇസ്‌ലാമി ബന്ധം ശക്തമായിരുന്ന കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി സമ്മതിച്ച അദ്ദേഹം പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും വ്യക്തമാക്കി. സഭാ ടിവി അഭിമുഖത്തിലായിരുന്നു പാലോളിയുടെ വെളിപ്പെടുത്തല്‍.

ജമഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില കേന്ദ്രങ്ങളില്‍ യുഡിഎഫിന് പിന്തുണ നല്‍കിയത് വര്‍ഗീയവാദത്തെ പ്രോത്സാഹിപ്പിക്കലും മഹാസംഭവവുമായി സിപിഎം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പഴയ ബന്ധം സ്ഥിരീകരിച്ച് രംഗത്തുവരുന്നത്. നേരത്തെ പല തെരഞ്ഞടുപ്പുകളിലും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു.

”ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താല്‍പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു” പാലോളി പറഞ്ഞു. ഫാസിസം ശക്തിയാര്‍ജ്ജിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്, രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു മറുപടി. മാധ്യമ പ്രവര്‍ത്തകന്‍ എന്‍പി രാജേന്ദ്രനും കെഎന്‍എ ഖാദര്‍ എംഎല്‍എക്കുമൊപ്പം സഭാ ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാലോളി മുഹമ്മദ് കുട്ടി. ഭാവിയിലും ജമാഅത്തുമായി ബന്ധം സ്ഥാപിക്കുമെന്ന സൂചന നല്‍കുന്നതാണ് പാലോളിയുടെ വര്‍ത്തമാനം.

web desk 1: