X

സി.പി.എം കേരളത്തില്‍ ബി.ജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണ്: വി.ഡി സതീശന്‍

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സ്ഥാനവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി സി.പി.എം കേരളത്തില്‍ ബി.ജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷന്‍ കോഴ കേസിലും അന്വേഷണം മുന്നോട്ട് പോകാത്തത് അദ്ദേഹം തുറന്നടിച്ചു.

ലൈഫ് മിഷനില്‍ കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമെ ഇ.ഡിക്ക് അന്വേഷിക്കാന്‍ സാധിക്കൂ. കോഴ ആര്‍ക്കൊക്കെ കിട്ടിയെന്നും ആരൊക്കെ ഗൂഡാലോചന നടത്തിയെന്നുമാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യങ്ങള്‍ സി.ബി.ഐക്ക് മാത്രമെ അന്വേഷിക്കാനാകൂ. സി.ബി.ഐ അന്വേഷണം പാടില്ലെന്ന് കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും മൂന്ന് വര്‍ഷമായി സി.ബി.ഐ ഒരു അന്വേഷണവും നടത്തുന്നില്ല. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍, ലാവലിന്‍ കേസുകളില്‍ സി.പി.എം ബി.ജെ.പിയുമായി ധാരണയില്‍ എത്തിയിരിക്കുകയാണ്. അതിന് പകരമായി കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കി. എല്ലാ തെളിവുകളും ഉണ്ടയിട്ടും ഒരു ബി.ജെ.പി നേതാവ് പോലും പ്രതിയായില്ല. ഏതെങ്കിലും ബി.ജെ.പി നേതാവിനെ തൊടാന്‍ സര്‍ക്കാരിന്റെ മുട്ട് വിറയ്ക്കും. അവര്‍ പ്രതികളായാല്‍ പല സി.പി.എമ്മുകാരും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളിലും പ്രതികളാകും. കൊടുക്കല്‍ വാങ്ങലുകളാണ് ഇരുവരും തമ്മില്‍ നടക്കുന്നത്. ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സി.പി.എം ബി.ജെ.പിക്ക് കേരളത്തില്‍ ഇടമുണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ബി.ജെ.പിയെ കേരളത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ല അദ്ദേഹം പറഞ്ഞു.

എക്കാലും കേന്ദ്രത്തിലെ ഭരണത്തിനൊപ്പം നിന്ന ചരിത്രമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയത്. അല്ലാതെ അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ല അദ്ദേഹം പറഞ്ഞു.

webdesk11: