X

സി.പി.എം മതത്തിന് എതിരല്ലെന്നോ…

റഹ്മാന്‍ മധുരക്കുഴി

‘സി.പി.എം മതത്തിനെതിരല്ല; വിശ്വാസം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുക’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേതാണ് മുകളില്‍ കൊടുത്ത പ്രസ്താവന. സി.പി.എം ജില്ലാ കമ്മറ്റി ‘മതം, ജാതി, ഇന്നലെ ഇന്ന്’എന്ന വിഷയത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടം ചെയ്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞത് ഇങ്ങനെ ‘കമ്യൂണിസ്റ്റുകാര്‍ മതങ്ങള്‍ക്കെതിരാണെന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചാരണമാണ്: വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റുകളുടേത്’. (മാധ്യമം: ഒക്ടോബര്‍ 18, 2022)

സത്യസന്ധമാണോ ഇവരുടെ ഈ അവകാശവാദങ്ങള്‍? മത നിഷേധത്തില്‍ അധിഷ്ഠിതമായ ഭൗതികവാദമാണ് മാര്‍ക്സിസം എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമല്ലേ? ആകയാല്‍ മതത്തിനും ദൈവത്തിനുമെതിരായ കുരിശ് യുദ്ധം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ ജീവിത ശൈലിയായി സ്വീകരിച്ചുപോന്നതാണ് ചരിത്രം. ഒരു മാര്‍ക്‌സിസ്റ്റ് സ്വന്തം നിലയില്‍ മതനിഷേധിയും നിരീശ്വരനുമായിരുന്നാല്‍ പോര, മതത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും മതത്തോട് ഏറ്റുമുട്ടുകയും വേണം. മാര്‍കിസ്റ്റ് താത്വികാചാര്യന്‍ ഇക്കാര്യം വ്യക്തമാക്കുന്നതിങ്ങനെ. ‘മാര്‍ക്സിസം ഭൗതികവാദമാണ്. വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. നാം മതത്തോട് ഏറ്റുമുട്ടണം അതാണ് എല്ലാ ഭൗതികവാദത്തിന്റെയും ഹരിശ്രീ’ (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്സിസം. പേജ് 56) ‘മാര്‍ക്‌സിസ്റ്റ്കാരന്‍ ഭൗതിക വാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.’ (അതേ പുസ്തകം പേജ് 59) ‘മത വിശ്വാസത്തിനും അതിന്റേതായ അനാചാരങ്ങള്‍ക്കും എതിരെ ആശയപരമായും പ്രായോഗികമായും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കടമയുണ്ട്.’ (ചിന്ത 1984 ഓഗസ്റ്റ് 17) ഈ കടമ നിറവേറ്റാനും പ്രായോഗികമാക്കാനും പാര്‍ട്ടിക്ക് അധികാരം ലഭിച്ചിടത്തെല്ലാം, അധികാരദണ്ഡ് ഉപയോഗിച്ച്തന്നെ തീവ്രയത്നം നടത്തിയതാണ് ചരിത്രം. നിരീശ്വരത്വ ഗവേഷണത്തിനായി മാത്രം റഷ്യയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് എത്തിസം എന്ന ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുകയുണ്ടായി. ‘മതത്തിന്റെ വളര്‍ച്ച തടയുന്നതിനായി എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ കര്‍ശനമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന്’ (ചിന്ത 17.2.84) ഇ.എം.എസ് എഴുതിയിട്ടുണ്ട്.

റഷ്യയില്‍ മാത്രമല്ല; ചൈന, അല്‍ബേനിയ, ബള്‍ഗേറിയ, ദക്ഷിണ യമന്‍ തുടങ്ങി എല്ലായിടത്തും കമ്യൂണിസ്റ്റുകള്‍ യുദ്ധം അഴിച്ചുവിട്ടിട്ടുണ്ട്. ദക്ഷിണ യമനില്‍ മത പഠനം നിരോധിച്ച കാര്യം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. ‘ദക്ഷിണ യമനില്‍ ഇസ്‌ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നത് നിര്‍ത്തിയിരിക്കയാണെന്നുള്ളത് ഇസ്‌ലാമിക രാജ്യങ്ങളെയാകെ നേരത്തെതന്നെ രോഷം കൊള്ളിച്ചിട്ടുണ്ട്.’ (ദേശാഭിമാനി 17.7.1978) ചൈനയില്‍ മതത്തിന്റെ വേരറുക്കാന്‍ ആയുഷ്‌കാലം മുഴുവന്‍ പോരാടിയ വ്യക്തിയായിരുന്നു മാവോ സേതൂങ്ങ്- മവോവിന്റെ കാലത്ത് കണ്‍ഫ്യൂഷ്യസ് മതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവക്കെതിരെ കര്‍ശന സമീപനം സ്വീകരിച്ചു. 1968 ലെ സാംസ്‌കാരിക വിപ്ലവം മതവിശ്വാസികള്‍ക്ക് കടുത്ത പീഢനമാണ് സമ്മാനിച്ചത്. 10 കോടി വിശ്വാസികള്‍ പീഢന വിധേയരായി. മാവോവിന്റെ ചെമ്പട നിലവിലുണ്ടായിരുന്ന 40000 പള്ളികളില്‍ മിക്കവയും മ്യൂസിയങ്ങളായും വിദ്യാലയങ്ങളായും അറവ്ശാലകളായും പരിവര്‍ത്തിക്കപ്പെട്ടു. 1975 മുതല്‍ 79 വരെയുള്ള ചുരുങ്ങിയ കാലയളവില്‍ 1.5 മുതല്‍ 3 മില്യന്‍ കംബോഡിയക്കാരെ കംബോഡിയന്‍ നേതാവായിരുന്ന പോള്‍പോട്ടിന്റെ കിങ്കരന്‍മാര്‍ യമപുരിക്കയച്ചു.

തങ്ങള്‍ മതത്തിനെതിരല്ലെന്നും വിശ്വാസികളെ ചേര്‍ത്തുപിടിക്കുന്നവരാണെന്നും തട്ടിവിടുന്ന കമ്യൂണിസ്റ്റുകള്‍ തന്നെയാണ് വര്‍ത്തമാനകാലത്തും ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ‘പതിനായിരക്കണക്കിന് അയ്യപ്പന്‍മാരെ സൃഷ്ടിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്താനും അങ്ങനെ അയ്യപ്പന്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളെ എതിര്‍ത്തു തോല്‍പിക്കാനും മാര്‍ക്സിസ്റ്റ് ആചാര്യന്‍ ആഹ്വാനം ചെയ്തത് (സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്സിസം. പേജ് 74) മതത്തോടുള്ള എതിര്‍പല്ലെകില്‍ മറ്റെന്താണ്?

മതവിശ്വാസിക്ക് സി.പി.എം അംഗമാകാമോ എന്ന ചോദ്യത്തിന് ഇ.എം.എസ് നല്‍കിയ മറുപടി ഇങ്ങനെ ‘പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനുള്ള നിബന്ധനയായി മതനിഷേധത്തെ പാര്‍ട്ടി മുന്നോട്ട്‌വെക്കുന്നില്ല. പക്ഷേ മതവിശ്വാസിയായി പാര്‍ട്ടി അംഗം, വൈരുധ്യാത്മകവും ചരിത്ര പരവുമായ ഭൗതികവാദം പഠിച്ച് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആവാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. പാര്‍ട്ടി സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന സഖാക്കള്‍ മതപരമായ ചടങ്ങുകളില്‍നിന്നും വിട്ടുനില്‍ക്കുകയും വേണം’. (ചിന്ത ചോദ്യോത്തരം ഇ.എം.എസ് സമ്പൂര്‍ണ കൃതികള്‍)

പ്രാകാശ് കാരാട്ട് വിശദീകരിക്കുന്നത് നോക്കൂ: ‘മാര്‍ക്സിസ്റ്റുകള്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മാര്‍ക്സിസ്റ്റായിമാറുന്ന പ്രക്രിയയില്‍ പാര്‍ട്ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോക വീക്ഷണം സ്വീകരിക്കുകയും, മതവിശ്വാസം വെടിയുകയും വേണം. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.’ (ദേശാഭിമാനി 14-1-2010)മതത്തോടുള്ള കമ്യൂണിസ്റ്റുകളുടെ വ്യക്തമായ നിലപാടാണിത്.

മഹാ ഭൂരിപക്ഷംവും വിശ്വാസികളായ ഒരു സമൂഹത്തോട് പൂര്‍ണമായും മതപരമായ ശത്രുതയോടുള്ള സമീപന സ്വീകരണം നഷ്ടക്കച്ചവടമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ മതത്തിനെതിരല്ല, വിശ്വാസികളെ ചേര്‍ത്തുപിടിക്കും എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ദേശാഭിമാനി വ്യക്തമാക്കുന്നതിങ്ങനെ. ‘വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സമൂഹത്തില്‍ അവരുമായി യോജിച്ച സമരംകൊണ്ട് മാത്രമേ മനുഷ്യനെ ദുരന്തങ്ങളില്‍നിന്ന് സഹായകരമായ സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.’ (ദേശാഭിമാനി 26.10.2007) എന്നിരുന്നാലും മതമില്ലാത്ത ജീവന്‍, പാഠ്യപദ്ധതി എന്നിവയിലൂടെ മതനിരാസം ഒളിച്ചുകടത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അധികാരം പൂര്‍ണമായും കയ്യിലമര്‍ന്നാല്‍ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലികളോടെന്ന പോലെ വിശ്വാസികളെ അവര്‍ ‘ചേര്‍ത്തുപിടിക്കുക’ തന്നെ ചെയ്യും.

webdesk13: