തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരായ ഐഫോണ്‍ വിവാദം ഏറ്റെടുക്കേണ്ടെന്ന് സിപിഎം തീരുമാനം. വ്യക്തിപരമായ ആരോപണം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷനേതാവിനെതിരെ ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിക്കുമെന്ന് ഭയം മൂലമാണ് സിപിഎം ആരോപണത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ ഐഫോണ്‍ വാങ്ങിയതിന്റെ ബില്ല് പുറത്ത് വന്നതിനിടെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലക്കെതിരെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2019 ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരമായി നല്‍കാന്‍ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ചു ഐഫോണ്‍ വാങ്ങി നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ അവകാശവാദം. ഈ ഫോണുകള്‍ വാങ്ങിയതിന്റെ ബില്ലാണ് പുറത്ത് വന്നത്. നവംബര്‍ 29 ന് കൊച്ചിയില്‍ നിന്ന് മൂന്നു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപയ്ക്കാണ് ആറുഫോണുകള്‍ വാങ്ങിയത്. യൂണിടാക് ബില്‍ഡേഴ്‌സിന്റെ പേരിലാണ് ബില്ല്. 49,000 രൂപ വിലവരുന്ന നാല് ഐഫോണ്‍ എക്‌സ് ആറും 99,900 രൂപ വിലവരുന്ന ഐഫോണ്‍ ഇലവണ്‍ പ്രോയും 1,13,900 രൂപ വിലവരുന്ന 256 ജിബി മെമ്മറിയുള്ള മറ്റൊരു ഐഫോണ്‍ ഇലവണ്‍ പ്രോയുമാണ് വാങ്ങിയത്.
ഇതില്‍ അഞ്ചു ഫോണുകള്‍ സ്വപ്നയ്ക്ക് കൈമാറിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ദേശീയ ദിനാഘോഷച്ചടങ്ങില്‍ വച്ച് രമേശ് ചെന്നിത്തലയ്ക്ക് ഉപഹാരമായി സ്വപ്ന സുരേഷ് ഈ ഫോണ്‍ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ അവകാശവാദം. എന്നാല്‍ ഈ ബില്ല് ഫോണ്‍ വാങ്ങിയെന്നതിന് മാത്രമുള്ള തെളിവാണ്. ഇത് സ്വപ്ന സുരേഷിനും പിന്നെ ചെന്നിത്തലയ്ക്കും കൈമാറിയെന്ന് തെളിയിക്കാന്‍ യാതൊരു തെളിവുമില്ല.
തനിക്കെതിരായ ആരോപണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷനേതാവ് നിയമനടപടി സ്വീകരിച്ചാല്‍ അത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമാവുമെന്നും അതിലൂടെ സ്വര്‍ണക്കടത്തുമായും ലൈഫ് മിഷന്‍ അഴിമതിയുമായും ബന്ധപ്പെട്ട് സര്‍ക്കാറിന് തിരിച്ചടിയാവുമെന്നും സിപിഎം നേതൃത്വം ഭയപ്പെടുന്നുണ്ട്.