ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സിപിഎം കടന്നു കയറ്റം. ഉത്സവങ്ങള്‍ പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.
രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി വിധിയെ അവഗണിച്ചാണ് ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഇടതു പക്ഷ രാഷ്ട്രീയപ്രചരണ ഗാനങ്ങള്‍ കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ -സി പി എം പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും പ്രദര്‍ശിപ്പിച്ച് വിപ്‌ളവഗാനങ്ങള്‍ ആലപിച്ച് ഗാനമേള നടത്തിയതിനെതിരെ ശക്തമായ വിമര്‍ശനം കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉയര്‍ത്തിയിരുന്നു.
രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിധിയെ മറികടന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ ഇടത് വിപ്ലവ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേള അരങ്ങേറിയത്. സിപിഎം – ഡിവൈഎഫ്ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചത്. ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഗാനങ്ങളാണ് കടയ്ക്കല്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കപ്പെട്ടത്
ക്ഷേത്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഉള്‍പ്പെടെ പാര്‍ട്ടിയുടെ സ്വാധീനവും ഇടപെടലും കൂടുതല്‍ സജീവമാക്കി പിടിമുറുക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു കടയ്ക്കല്‍ തിരുവാതിര ആഘോഷത്തില്‍ വിപ്ലവ ഗാനാലാപനം ഉണ്ടായത്.കടുത്ത ഭാഷയിലാണ് ഇതിനെ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ഉത്സവം നടക്കുമ്പോള്‍ അവിടെപ്പോയാണോ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്, പു്ഷ്പനെ അറിയാമോ എന്നൊക്കെ പാടുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു… ?
പാര്‍ട്ടി സ്വാധീനം ഉറപ്പിച്ച് പ്രചാരണത്തിനായി ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും പ്രയോജനപ്പെടുത്തുവാനുള്ള സിപിഎം തന്ത്രത്തിനെതിരെ വിശ്വാസ സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയരുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ അരങ്ങേറിയ ഈ രാഷ്ട്രീയ നാടകത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി തുടരുകയാണ്.