സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍, സി.പി.എം പോര്. നിലവില്‍ പ്രഖ്യാപിച്ച ഹജ്ജ് കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താതെ പകരം സി.പി.എം പ്രതിനിധിയെ ഉള്‍പ്പെടുത്തിയതാണ് പോരിനു കാരണം. മുന്നണിയിലെ ഇരു പാര്‍ട്ടികളുടെയും തര്‍ക്കം മൂലം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീളുകയാണ്. ചെയര്‍മാനെ പ്രഖ്യാപിക്കാത്തത് മൂലം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥാണ്.
ഓഗസ്റ്റ് മാസം അവസാനം പ്രഖ്യാപിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലാണ് ഐ.എന്‍.എല്‍ പ്രതിനിധി ഉള്‍പ്പെടാതിരുന്നത്. കഴിഞ്ഞ കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധിയായി കഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ ഉള്‍പ്പെട്ടിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ ഐ.എന്‍.എല്‍ പ്രതിനിധിയും നീലേശ്വരം നഗരസഭാ കൗണ്‍സിലറുമായ ശംസുദ്ദീന്‍ അരിഞ്ചിറയെ ഉള്‍പ്പെടുത്തി. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കി ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ചപ്പോള്‍ സി.പി.എം നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന പി.പി മുഹമ്മദ് റാഫിയെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്്.
നിലവിലെ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ ഗസ്റ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. തങ്ങളെ ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിന്റെ അതൃപ്തി ഐ.എന്‍.എല്‍ ഇടതു മുന്നണിയെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലുണ്ടായ തമ്മിലടി മൂലം സി.പിഎം ചെവി കൊടുത്തിരുന്നില്ല. എല്ലാ കെട്ടടങ്ങിയ ശേഷം ഇടതു മുന്നണിയില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സി.പി.എമ്മിനുണ്ടായ മൗനമാണ് ഐ. എന്‍.എല്ലിനെ ചൊടിപ്പിച്ചത്. ഐ.എന്‍.എല്ലിന് നല്‍കിയ മന്ത്രി സ്ഥാനം കൊണ്ടുതന്നെ പൊല്ലാപ്പിലായ സി.പി.എം ഹജ്ജ് കമ്മിറ്റിയില്‍ അവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
സമുദായിക വിഷയമായതിനാല്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് ഐ.എന്‍.എല്‍ വാദം. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അടക്കം 16 പേരാണ് പുതിയ കമ്മറ്റിയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ആറ് അംഗങ്ങള്‍ പഴയ കമ്മിറ്റിയിലുള്ളവരാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളായവരില്‍ സി.മുഹമ്മദ് ഫൈസി, അഡ്വ.പി.ടി.എ റഹീം എന്നിവര്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാരാണ്. സി.മുഹമ്മദ് ഫൈസി ചെയര്‍മാനായുള്ള കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി 2021 ജൂലൈ മാസം അവസാനിച്ചിരുന്നു.