ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ നിന്നും കനത്ത തിരിച്ചടി ഭയന്ന് സി.പിഎം. ലൈഫ് ഭവന പദ്ധതിയെ മുഖ്യ പ്രചാരണായുധമാക്കി വോട്ട് തേടണമെന്ന നിര്‍ദേശത്തിനുഏറ്റ പ്രഹരത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഇടതു മുന്നണി സര്‍ക്കാറിന്റെ കൊട്ടിഘോഷിച്ച പ്രചാരണമായിരുന്നു ലൈഫ് പദ്ധതിക്ക്. നിരവധി പേര്‍ വീട് ലഭിക്കാതെ കണ്ണീരില്‍ കഴിയുമ്പോഴായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന്റെ ലൈഫ് ആഘോഷം പോലും. ലൈഫില്‍ ഭവനം ലഭിച്ചവരെ വിളിച്ചുകൂട്ടി സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിനിടയിലാണ് ലൈഫ് മിഷന്‍ പദ്ധതി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും കമ്മീഷന്‍ പദ്ധതി മാത്രമാണെന്ന് പുറത്തായത്. വടക്കാഞ്ചേരിയിലെ ലൈഫ് സമുച്ചയം കോടികളുടെ അഴിമതിയുടെ തെളിവായി തെളിഞ്ഞു. ലൈഫിനു വേണ്ടിയുണ്ടാക്കി കരാര്‍ തയാറാക്കിയത് ലൈഫ് സി.ഇ.ഒ പോലും അറിയാതെയെന്ന വിവരവും പുറത്തു വന്നു. ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി. ലൈഫ് പദ്ധതിയെ മുഖ്യ പ്രചാരണമാക്കാനുള്ള നീക്കം പൊളിഞ്ഞതോടെ വോട്ടര്‍മാരോട് പറയാന്‍ മറ്റു വഴികള്‍ തേടുകയാണിപ്പോള്‍, സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നതോടെ ഇടതുമുന്നണി ജനങ്ങളില്‍ നിന്നും പാടെ ഒറ്റപ്പെട്ടിട്ടുണ്ട്. ഓണക്കിറ്റില്‍ പോലും അഴിമതി പുറത്തുവന്നത് പാവപ്പെട്ടവരെയും ഏറെ അകറ്റി. ലൈഫില്‍ നിരവധി പേര്‍ പുറത്തായ പരാതി വ്യാപകമായതോടെ ഇപ്പോള്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് തടിതപ്പാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍,
എല്ലാ ജില്ലകളിലും 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെയായിരുന്നു ലൈഫ് കുടുംബ സംഗമങ്ങളും അദാലത്തുകളും സംഘടിപ്പിച്ചത്. 2020 ജനുവരി 26ന് സംസ്ഥാന തലത്തില്‍ 2 ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ നടത്തിയ കുടുംബസംഗമങ്ങള്‍ സര്‍ക്കാറിന്റെ മറ്റൊരുതട്ടിപ്പ് നാടകമായാണ് ജനങ്ങള്‍ കണ്ടത്. നിരവധി കുടുംബങ്ങളാണ് ലൈഫ് ഭവന പദ്ധതിയില്‍ നിന്നും തെറിച്ചു വീണത്. വളരെ നല്ല നിലയില്‍ വര്‍ഷങ്ങളായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവന്ന ഭവന പദ്ധതിയെ കിട്ടാത്ത പദ്ധതിയാക്കി മാറ്റുകയായിരുന്നു. വീട് ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം. അതില്‍ തന്നെ ഒരു അംഗത്തിനു മാത്രമേ ലഭിക്കൂവെന്ന നിബന്ധനയില്‍ വീട് ലഭിക്കാതെ അനേകായിരങ്ങളാണ് കേരളത്തില്‍ വീട് ഇല്ലാതെ നില്‍ക്കുന്നത്. അന്തിയുറങ്ങാന്‍ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും നല്‍കിയത് വളരെ കുറഞ്ഞ എണ്ണം വീടുകള്‍ മാത്രമാണ്. ഓരോ വര്‍ഷവും നൂറുകണക്കിനു വീടുകള്‍ നല്‍കിയിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷമായി ആകെ നല്‍കിയത് നൂറില്‍ എത്രയോ താഴെയാണ്. പ്രത്യേക സോഫ്റ്റ് വെയറുണ്ടാക്കിയ സര്‍ക്കാര്‍ അപേക്ഷകരുടെ അര്‍ഹത നിര്‍ണയിക്കുന്നത് സങ്കീര്‍ണമാക്കിയപ്പോള്‍ വളരെ പാവപ്പെട്ടവര്‍ പോലും പട്ടികക്ക് പുറത്താവുകയായിരുന്നു. വീടിനു വേണ്ട അപേക്ഷ സമര്‍പ്പിച്ചാല്‍ ഗ്രാമ സഭ അംഗീകരിക്കുന്നവര്‍ക്ക് ഭവനം അനുവദിക്കുകയെന്ന സാമ്പ്രദായിക രീതി മാറ്റി മറിച്ച് ഗ്രാമസഭയെ നോക്കുകുത്തിയാക്കുകയായിരുന്നു ഇടത് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് ഗ്രാമസഭക്ക് വിടുന്ന രീതിയാണ് പയറ്റിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് കാര്യമായ റോള്‍ നിര്‍വഹിക്കാനുണ്ടായിരുന്നില്ല. ഭവന പദ്ധതിയെ അട്ടിമറിച്ച ഇടത് സര്‍ക്കാറിനു തദ്ദേശ തെരഞ്ഞെടുപ്പ് താങ്ങാന്‍ കഴിയാത്തതിലും അപ്പുറമാവും,