കെ.ബി.എ കരീം
കൊച്ചി
തൃക്കാക്കര നിയമസഭാമണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം ഇറക്കുമതിചെയ്ത സ്ഥാനാര്‍ത്ഥി ഇത്തവണയും ക്ലച്ച് പിടിക്കില്ലെന്ന് തുടക്കത്തിലേ വ്യക്തമാകുന്നു. സീറോ മലബാര്‍ സഭയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാം എന്ന വ്യാമോഹവുമായാണ് ഡോക്ടര്‍ ജോ ജോസഫിനെ രംഗത്തിറക്കിയതെങ്കിലും ഈ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ബാധ്യത സഭയ്ക്കില്ലെന്ന് സഭാ നേതൃത്വം പരസ്യ പ്രസ്താവന നടത്തിയതോടെ സി.പി.എം വെട്ടിലായിരിക്കയാണ്. സീറോ മലബാര്‍ സഭയിലെ ഇരുവിഭാഗവും ഇടതുപക്ഷം കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ കൈയൊഴിഞ്ഞതോടെ നേരത്തെ പ്രഖ്യാപിച്ച കെ എസ് അരുണ്‍ കുമാര്‍ മതിയായിരുന്നു എന്ന നിരാശയിലേക്ക് ഇടതു കേന്ദ്രങ്ങള്‍ പ്രത്യേകിച്ച് സിപിഎം എത്തിയിരിക്കുകയാണ്. പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ഒന്നടങ്കം സ്വന്തമാക്കാമെന്ന വ്യാമോഹത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന നടപടി കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലേക്ക് സിപിഎമ്മിനെ എത്തിച്ചിരിക്കുകയാണ്.സഭയുമില്ല പാര്‍ട്ടി പ്രവര്‍ത്തകരുമില്ല എന്ന അവസ്ഥയിലാണ് സി.പി.എം എത്തിയിരിക്കുന്നത്.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി അല്ലെന്നും പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികര്‍ പറയുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെട്ടില്ലെന്നാണ് കര്‍ദ്ദിനാള്‍ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമാണ് ഇതോടെ പൊളിഞ്ഞത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ സമൂഹത്തിന് മുമ്പില്‍ ഇടതു മുന്നണിയെ അപഹാസ്യരാക്കുന്നതിന് തുല്യമായിരുന്നെന്ന്്് ചൂണ്ടിക്കാണിക്കപ്പെടുന്നു. മണ്ഡലത്തില്‍ 41 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട്്് നടത്തിയ നീക്കങ്ങള്‍ ഇത്തവണയും സിപിമ്മിനെ വെട്ടിലാക്കുകയാണ് ചെയ്തിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതില്‍ ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ നിരാശ. അരുണ്‍ കുമാറിന് വേണ്ടി ദിവസങ്ങള്‍ക്കു മുമ്പേ ഇവര്‍ രംഗത്തിറങ്ങിയിരുന്നു . ജില്ലയിലെ പ്രമുഖ നേതാവായ മുന്‍ എംഎല്‍എ എം സ്വരാജിനും അരുണ്‍കുമാറിനെ മത്സരിപ്പിക്കുന്നതായിരുന്നു താല്‍പര്യം. എന്നാല്‍ മന്ത്രി പി രാജീവിന്റെ താല്‍പര്യമനുസരിച്ചാണ് ജോ ജോസഫ് എത്തിയത്. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിയോഗിച്ചത്്് ജില്ലയിലെ സിപിഎമ്മിനെ പൂര്‍ണമായും രണ്ടുതട്ടില്‍ ആക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി പ്രവര്‍ത്തിക്കാനും തല്ലു കൊള്ളാനും പാര്‍ട്ടിപ്രവര്‍ത്തകരും സ്ഥാനമാനങ്ങള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ഇറക്കുമതി ആളുകള്‍ വരുന്നതിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് ഡിവൈഎഫ്‌ഐക്ക്്് കടുത്ത അമര്‍ഷമാണുള്ളത്. ഈ പ്രതിഷേധം പ്രചരണ രംഗത്തും പ്രതിഫലിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ ജേക്കബിനെ സമാന സാഹചര്യത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇടഞ്ഞുനിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അതേ നിലപാട് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം നേതാക്കളടക്കം പലര്‍ക്കെതിരെയും നടപടി വന്നത് പോലും ഓര്‍ക്കാതെയാണ് വീണ്ടും ഇത്തരം ഗതികേട് ആവര്‍ത്തിക്കാന്‍ സിപിഎം തയ്യാറായിരിക്കുന്നത്.