X
    Categories: keralaNews

പരപ്പനങ്ങാടി നഗരസഭാ ഭരണം പിടിക്കാന്‍ സിപിഎം മത്സരിക്കുന്നത് 45ല്‍ 11 സീറ്റില്‍

പരപ്പനങ്ങാടി: നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തി ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്ന ഇടത് സാമ്പാര്‍ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം മത്സരിക്കുന്നത് 45ല്‍ കേവലം 11 ഡിവിഷനുകളില്‍ മാത്രം. മൂന്ന് സീറ്റുകളില്‍ സിപിഐയും മത്സരിക്കുന്നുണ്ട്.

മുന്നണിയിലെ മറ്റു ഘടക കക്ഷികളെല്ലാം കൂടി നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. ശേഷിച്ച 27 ഡിവിഷനുകള്‍ വഴിയെ പോകുന്നവര്‍ക്കും റോഡ് കമ്മിറ്റിക്കും വിചാരവേദിക്കുമാണ് വീതിച്ചു നല്‍കിയിരിക്കുന്നത്. പരാജയം മുന്‍കൂട്ടി സമ്മതിച്ച സാമ്പാര്‍ മുന്നണി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ അപരന്‍മാരെ നിര്‍ത്തി പരാജയപ്പെടുത്താകുമോ എന്ന പരീക്ഷണമാണ് നടത്തുന്നത്.

കഴിഞ്ഞ മൂന്നര വര്‍ഷം മുന്‍സിപ്പല്‍ ഭരണസമിതിയില്‍ ഭരണസ്തംഭനമുണ്ടാക്കാന്‍ ഇടതു അംഗങ്ങള്‍ നിരന്തരമായി നടത്തിയ ബഹളം കാരണം സാധാരണക്കാര്‍ അനുഭവിച്ച പ്രയാസത്തില്‍ പ്രതികരിക്കാന്‍ കാത്തിരിക്കുന്ന വോട്ടര്‍മാരെ അഭിമൂഖീകരിക്കലും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ലേശകരമായിരിക്കും. മൂന്നു വര്‍ഷക്കാലം സെക്രട്ടറി, സൂപ്രണ്ട്, എഇഎച്ച്‌ഐ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും അമ്പതോളം ജീവനക്കാര്‍ വേണ്ടിടത്ത് ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരെ മാത്രം അനുവദിച്ച് നഗരസഭാ പ്രവര്‍ത്തനം താളം തെറ്റിച്ച സര്‍ക്കാറിന്റെ രാഷ്ട്രീയ കളികള്‍ക്കുമെതിരെ ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന ഭയവും ഇടതു കേന്ദ്രങ്ങളെ വേട്ടയാടുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: