തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടല്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ച് ആർ.എം.പി.ഐ നേതാവും എം.എൽ.എയുമായ കെ.കെ രമ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം പുലർത്തുന്നതെന്ന് കെ.കെ. രമ കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ഉണ്ടാക്കി വർഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്‍റെ ഉദാഹരണമാണ്. സഖാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ വർഗീയ കൊലപാതകമാണെന്ന് വരുത്തിതീർക്കാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതെന്നും രമ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഏടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ അരങ്ങേറിയത്. ബി.ജെ.പിക്ക് എം.പിയെ സമ്മാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഏജന്‍റായി എ.ഡി.ജി.പിയെ ഉപയോഗപ്പെടുത്തിയത് ഇതിന്‍റെ തെളിവ് കൂടിയാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പി.വി അൻവർ രാഷ്ട്രീയമായി ഉന്നയിക്കുന്നതുവരെ ഒരു അന്വേഷണം നടത്തുന്നതിനോ വിശദീകരണം ആവശ്യപ്പെടുന്നതിനോ തയാറായില്ല.
ഇപ്പോൾ അൻവർ നിങ്ങൾക്ക് മോശക്കാരനാണ്. നിങ്ങളുടെ പാർട്ടിയിൽ ഇരിക്കുമ്പോൾ ഏത് വൃത്തിക്കേടും ചെയ്താൽ അതിനെ സംരക്ഷിക്കുകയും പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ എതിർക്കുന്ന, തള്ളിപ്പറയുന്ന രാഷ്ട്രീയമാണ് നിങ്ങൾക്കുള്ളത്. 2019ൽ തൃശൂരിലെ വോട്ടുകൾ എവിടെ പോയെന്നാണ് സി.പി.എം ചോദിക്കുന്നത്. 2021ൽ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നിന്ന് സി.പി.എമ്മിന് ലഭിച്ച വോട്ടുകൾ എവിടെ പോയെന്നും അത് ബി.ജെ.പിക്ക് പോയിട്ടില്ലെന്നും പറയാനുള്ള ധൈര്യമുണ്ടോ എന്നും രമ ചോദിച്ചു.
പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഒരാഴ്ച കൊണ്ട് സമർപ്പിക്കുമെന്ന് പറഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടാണ് സമർപ്പിച്ചത്. ആരോപണവിധേയനായ എ.ഡി.ജി.പിയെ കൊണ്ടാണ് അന്വേഷണം നടത്തിയത്. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ വിശ്വാസ്യത തകർത്ത് ചില മേലാളന്മാരുടെ അജണ്ടകൾക്ക് നിങ്ങൾ നടത്തുന്ന അധാർമികമായ രാഷ്ട്രീയം എത്ര മറച്ചുപിടിച്ചാലും മറഞ്ഞിരിക്കില്ല. സത്യം ഒരുനാൾ വെളിപ്പെടുക തന്നെ ചെയ്യും. അന്ന് നിങ്ങൾ ഇടതുപക്ഷ രാഷ്ട്രീയം പിന്നാമ്പുറങ്ങളിലായിരിക്കുമെന്ന് മറക്കേണ്ട. അത്തരത്തിലുള്ള രാഷ്ട്രീയവുമായാണ് നിങ്ങൾ പോകുന്നത്. പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്നും കെ.കെ. രമ വ്യക്തമാക്കി.