തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ ആര്‍.എസ്.എസ് വെട്ടിക്കൊന്നത് 2022 ഫെബ്രുവരി 28നാണ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എമ്മും ആര്‍.എസ്.എസും കണ്ണൂരില്‍ വെടിനിര്‍ത്തിയതിന് ശേഷമാണ് അരുംകൊല നടന്നത്. മുഖ്യമന്ത്രി പിണറാജി വിജയന്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കളും ആര്‍.എസ്.എസ് തലവാരും പലവട്ടം ചര്‍ച്ച നടത്തി പരസ്പര വെട്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടും ഹരിദാസ് എങ്ങനെ കൊല്ലപ്പെട്ടവെന്ന ചോദ്യം ഉത്തരമില്ലാതെ അവിശേഷിച്ചിരിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ കാലപ്പഴക്കത്തില്‍ തേഞ്ഞുമായാനിരിക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍.എസ്.എസ് നേതാവ് നിജില്‍ദാസിന് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് കണ്ണൂരിലെ അറിയപ്പെട്ട സി.പി.എം കുടുംബം തന്നെയാണ്. അതും മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും മൂക്കിനു താഴെ. സി.പി.എം പ്രവര്‍ത്തകന്റെ കൊലയാളിക്ക് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒളിത്താവളമൊരുക്കി. നിജില്‍ ദാസിന് താമസിക്കാന്‍ വീട് നല്‍കിയ രേഷ്മയും കുടുംബവും സി.പി.എം അനുഭാവികളാണെന്ന് നാട്ടുകാരായ സഖാക്കള്‍ ആണയിട്ടു പറയുമ്പോള്‍ അല്ലെന്ന് സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടി നേതാക്കള്‍.
രേഷ്മയും ഭര്‍ത്താവ് പ്രശാന്തും പാര്‍ട്ടി അനുഭാവികളാണെന്ന് അവരുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി തങ്ങളെ തള്ളിപ്പറയുകയും കയ്യൊഴിക്കുകയും ചെയ്യുന്നുവെന്നാണ് അവരുടെ പരാതി. നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മ ബി.ജെ.പിക്കാരിയാണെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാദം. അദ്ദേഹത്തിന് അങ്ങനെ മാത്രമേ പറയാന്‍ പറ്റൂ. അല്ലാതെ രേഷ്മയും കുടുംബവും സി.പി.എമ്മുകാരാണെന്ന് സമ്മതിച്ചാലുണ്ടാകുന്ന പുകിലുകള്‍ ആലോചിക്കാവുന്നതാണ്. അപ്പോള്‍ ജയരാജന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനാവില്ല. സാധാരണക്കാരനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റു വല്ല രാഷ്ട്രീയ കുടിലതയും ഉണ്ടോ എന്ന് മാത്രമാണ് അറിയാനുള്ളത്. സി.പി.എമ്മും ആര്‍.എസ്.എസും കൊലാപതകങ്ങള്‍ നടത്തി തഴക്കവും പഴക്കവുമുള്ള സംഘടനകളാണ്. ആ നിലയ്ക്ക് അവര്‍ക്കിടയില്‍ നല്ല മനപ്പൊരുത്തമുണ്ട്. ഇരയുടെ പാര്‍ട്ടിയും കൊലയാളിയും കൈകോര്‍ക്കുന്ന ഭീകരമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന സംശയം സ്വാഭാവികമാണ്. ആരുടെ താല്‍പര്യപ്രകാരമാണ് ഹരിദാസിനെ ഇല്ലാതാക്കിയതെന്ന ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ടതുണ്ട്.
നിജില്‍ദാസിന് അഭയം നല്‍കിയ കുടുംബം സി.പി.എമ്മുകാരല്ലെന്ന് പറഞ്ഞതുകൊണ്ട് മാത്രം പാര്‍ട്ടിക്കും സര്‍ക്കാറിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടും പരിസരവും പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഹരിദാസിന്റെ ഘാതകന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം സി.പി.എമ്മിനും അപരിചിതമല്ല. എന്നിട്ടും നിജില്‍ദാസ് ഇവിടെ തന്നെ ഒളിത്താവളം കണ്ടെത്തിയത് ഒന്നും കാണാതെയാകുമോ? പരമാവധി സുരക്ഷ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെയാണ് അയാള്‍ അവിടെ എത്തിയത്. രേഷ്മക്കപ്പുറം പാര്‍ട്ടിയിലെ മറ്റാരുടെയൊക്കെ അറിവോടെയും അനുമതിയോടെയുമാണ് നിജില്‍ദാസ് അവിടേക്ക് വലിഞ്ഞതെന്ന് കണ്ടെത്തുന്നതോടെ ദുരൂഹതയുടെ ചുരുളഴിയും. പൊലീസ് ആ വഴിക്ക് എത്രത്തോളം മുന്നോട്ടുപോകുമെന്ന് കണ്ടറിയേണ്ടതുണ്ട്. രേഷ്മയിലും ചില വാട്‌സ് ആപ്പ് സന്ദേശങ്ങളിലും മാത്രമായി അന്വേഷണം ആവിയാകാനാണ് സാധ്യത. പക്ഷെ, ഭീകരമായ ചില സത്യങ്ങള്‍ കേരള രാഷ്ട്രീയത്തെ തുറിച്ചുനോക്കുന്നുണ്ട്. നിജില്‍ദാസിനെ രേഷ്മ സഹായിച്ച വിവരം പരസ്യമായപ്പോള്‍ മാത്രമാണ് ആ കുടുംബത്തിന് സംഘപരിവാരവുമായി ബന്ധമുണ്ടെന്ന് സി.പി.എം പറയുന്നത്. അതുവരെ അവര്‍ പാര്‍ട്ടിയുടെ ഗുഡ് ലിസ്റ്റിലായിരുന്നു. ജയരാജന്റെ വാക്കുകള്‍ മുഖ വിലക്കെടുത്താല്‍ തന്നെ പകല്‍ മുണ്ടിട്ട് നടക്കുന്ന ആര്‍.എസ്.എസുകാരുടെ പാര്‍ട്ടിയാണ് സി.പി.എം എന്ന് സമ്മതിക്കേണ്ടിവരും.
അനേകം സി.പി.എം പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ആര്‍.എസ്.എസുമായി പിണറായി വിജന്റെ മധ്യസ്ഥതയില്‍ പാര്‍ട്ടി കൈകോര്‍ത്തതും ആകസ്മികമല്ലോ. കണ്ണൂരിലെ സ്വന്തക്കാര്‍ പരസ്പരം വെട്ടി മരിക്കുന്നതിലെ ദു:ഖമാണ് ശ്രീ എമ്മിനെ സമാധാന നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. അത് ഫലം കാണുകയും ചെയ്തു. അതിനുശേഷം കൊല്ലപ്പെട്ട ഹരിദാസിന്റെ കൊലയാളിക്ക് ഒളിവില്‍ കഴിയാന്‍ സ്വന്തം വീട് വിട്ടുകൊടുത്ത് പാര്‍ട്ടിക്കാര്‍ വര്‍ഗ സ്‌നേഹം കാണിച്ചതോടൊപ്പം കരാര്‍ പാലിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സി.പി.എം-ആര്‍.എസ്.എസ് ബന്ധം ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിട്ടുണ്ട്. ബി.ജെ.പി മുഖ്യ ശത്രുവാണെന്ന് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പറയുന്നുണ്ടെങ്കിലും അവരെ തുറന്ന് എതിര്‍ക്കാന്‍ പിണറായി വിജയന്‍ മുന്നോട്ടുവരുന്നില്ല.