ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.
സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.
ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.
യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.
എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.
മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.
രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.