X
    Categories: NewsViews

സി.പി.എമ്മിന്റെ വോട്ട്, ബി.ജെ.പിയുടെ പാക്കിങ് ബംഗാളിലെ ജനവിധിയിൽ തെളിയുന്ന കാര്യങ്ങൾ

കെ.പി മുഹമ്മദ് ഷാഫി

പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലേക്കുള്ള സി.പി.എമ്മിന്റെ കൂടുമാറ്റം പൂർണമായെന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന സംസ്ഥാനത്ത് സംഘ്പരിവാറിനെ സഹായിച്ചത് സി.പി.എം അണികൾ മറിച്ചുകുത്തിയ വോട്ടുകളാണ്. ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ സി.പി.എമ്മിന്റെ വോട്ടുവിഹിതം ഇത്തവണ വെറും നാലു ശതമാനമായി കുറഞ്ഞപ്പോൾ ബി.ജെ.പി 40 ശതമാനത്തിലേക്ക് വൻ കുതിപ്പ് നടത്തി. ശക്തമായ കാവിതരംഗത്തിലും തൃണമൂൽ കോൺഗ്രസ് പിടിച്ചുനിന്നു. ബംഗാൾ ഹൃദയഭൂമിയിലെ തേരോട്ടത്തിൽ ബി.ജെ.പിക്ക് കരുത്തായത് സി.പി.എമ്മിൽ നിന്ന് കൂട്ടത്തോടെ കൂടുമാറിയ വോട്ടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2011-ലെ മമതാ ബാനർജി തരംഗത്തോടെ ബംഗാളിലെ അധികാരം നഷ്ടമായ സി.പി.എമ്മിന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29.71 വോട്ടുവിഹിതവും രണ്ട് സീറ്റുമുണ്ടായിരുന്നു. 39.05 ശതമാനം വോട്ടും 34 സീറ്റുമായി തൃണമൂൽ ബംഗാളിൽ തരംഗമുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ടു സീറ്റും 17.02 ശതമാനം വോട്ടും ലഭിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം വിഹിതം 19.7 ശതമാനമായി കുറഞ്ഞു. തൃണമൂലാകട്ടെ, നില മെച്ചപ്പെടുത്തി 44.9-ലേക്ക് മുന്നേറി. മൂന്ന് അസംബ്ലി സീറ്റുകൾ നേടിയ ബി.ജെ.പിക്ക് 10.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

കിഴക്കേ ഇന്ത്യ പിടിക്കുക എന്ന ലക്ഷ്യത്തിൽ ബി.ജെ.പി ബംഗാളിൽ ശക്തമായ പ്രചരണം ആരംഭിച്ചതോടെ സി.പി.എം അണികൾ കൂട്ടത്തോടെ സംഘ്പരിവാർ സങ്കേതത്തിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കണ്ടത്. മമതാ ബാനർജിയെ പാഠം പഠിപ്പിക്കുക എന്ന ന്യായം പറഞ്ഞുകൊണ്ടുള്ള ഈ കൂടുമാറ്റത്തിന് നേതൃത്വത്തിന്റെ മൗനാനുവാദവുമുണ്ടായിരുന്നു എന്നാണ് കരുതുന്നത്. മമത ബാനർജിയോ ബി.ജെ.പിയോ പ്രധാന ശത്രുവെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ സി.പി.എം നേതൃത്വം പരാജയപ്പെട്ടതോടെ, ഇടതുപക്ഷത്തിന്റെ സംവിധാനങ്ങളുപയോഗിച്ച് ബി.ജെ.പിക്ക് ബംഗാളിൽ വേരോട്ടമുണ്ടാക്കി. പല പാർട്ടി ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. സി.പി.എം എം.എൽ.എ ഖഗൻ മുർമു ബി.ജെ.പിയുടെ ടിക്കറ്റിൽ ലോക്‌സഭയിലക്ക് മത്സരിക്കുക വരെ ചെയ്തു. 35 വർഷത്തോളം തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ കരുത്തായിരുന്ന ബൂത്ത് സംവിധാനങ്ങൾ ബി.ജെ.പി അപ്പടി ഏറ്റെടുക്കുകയാണുണ്ടായത്. അപകടകരമായ ഈ പ്രവണതക്കെതിരെ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറും മുന്നറിയിപ്പ് നൽകിയെങ്കിലും ചുവപ്പിൽനിന്ന് കാവിയിലേക്കുള്ള കുത്തൊഴുക്ക് തടയാനായില്ല.

ബംഗാളിലെ സി.പി.എമ്മിന്റെ അപചയം ദേശീയ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ അത് നിഷേധിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്തത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സി.പി.എം മറച്ചുവെക്കാനാഗ്രഹിച്ച ഈ ‘പലായന’ത്തിന്റെ കണക്കുകൾ പുറത്താവുകയാണ്. ദശാബ്ദങ്ങൾക്കു ശേഷം ബംഗാളിൽ നിന്ന് ഒരു എം.പിയെ പോലും വിജയിപ്പിച്ചെടുക്കാൻ സി.പി.എമ്മിന് കഴിയാത്ത ഈ തെരഞ്ഞെടുപ്പിൽ ഉത്തമ-പശ്ചിമ മേഖലകളിൽ തരംഗമുണ്ടാക്കിയ ബി.ജെ.പി 16 സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനുണ്ടായിരുന്ന 29.71 ശതമാനം വോട്ട് ഇത്തവണ നാലു ശതമാനമായി കുറഞ്ഞു. അഞ്ചുവർഷത്തിനിടെ സി.പി.എമ്മിന് നഷ്ടമായ ഈ 25.71 ശതമാനം വോട്ടിലെ സിംഹഭാഗവും ബി.ജെ.പി ഇത്തവണ അധികമായി നേടിയ 22.7 ശതമാനത്തിലേക്കാണ് ചെന്നു ചേർന്നത്. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കിന്റെ അനുഗ്രഹത്തോടെയുള്ള ബി.ജെ.പിയുടെ ചരിത്രവിജയത്തിനിടയിലും മമതാ ബാനർജിയുടെ പാർട്ടിക്ക് 25 സീറ്റ് നേടാൻ കഴിഞ്ഞു. 37.5 ശതമാനം വോട്ടും അവർ നേടി.

അണികളുടെ വോട്ടുമാറ്റത്തിലൂടെ മാത്രമല്ല, സ്വന്തം സ്ഥാനാർത്ഥികളിലൂടെയും സി.പി.എം കുറഞ്ഞത് എട്ടു മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയമുറപ്പാക്കി. ബൻഗാവ്, ബർധ്മൻ ദുർഗാപൂർ, ഹൂഗ്ലി, ജാർഗം, മേദിനിപൂർ, ബിഷ്ണുപൂർ, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകളാണ് തൃണമൂലിനെ മറികടക്കാൻ ബി.ജെ.പിയെ സഹായിച്ചത്. ഇതിൽ മിക്കയിടങ്ങളിലും ബി.ജെ.പി നേരിയ മാർജിനിൽ കടന്നുകൂടിയപ്പോൾ സി.പി.എം പിടിച്ച ആറ് മുതൽ 13 വരെ ശതമാനം വോട്ടുകൾ നിർണായകമായി.
കഴിഞ്ഞ തവണ നാല് അംഗങ്ങളെ ലോക്‌സഭയിലേക്കയച്ച കോൺഗ്രസിന് ഇത്തവണ ഒരു എം.പിയെ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിഞ്ഞു. ബഹാറംപൂരിൽ അധിർ രഞ്ജൻ ചൗധരി കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചപ്പോൾ ബിർഭൂം, അരംബാഗ്, ബർധ്മാൻ പുർബ, ബറാക്‌പോർ, ഡും ഡും മണ്ഡലങ്ങളിൽ കോൺഗ്രസ് പിടിച്ച വോട്ട് തൃണമൂലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

2021-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്നതാണ് ബംഗാളിൽ ബി.ജെ.പിയുടെ അടുത്ത പദ്ധതി. അത് തടയണമെങ്കിൽ മമതാ ബാനർജിയുമായി സഖ്യത്തിലേർപ്പെടുക എന്ന വഴി മാത്രമേ സി.പി.എമ്മിനു മുന്നിലുള്ളൂ. മമതയെ തോൽപ്പിക്കാൻ ബി.ജെ.പിക്ക് പിന്തുണ നൽകുന്നത് വിഡ്ഢിത്തമാണെന്ന മണിക് സർക്കാറിന്റെ നിലപാട് പാർട്ടി അംഗീകരിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: