X

ബി.ജെ.പി ക്കേറ്റ തിരിച്ചടിയെ യു.ഡി.എഫിൻ്റെ വർഗീയതയാക്കി സി.പി.എം; തന്ത്രം തിരിച്ചടിക്കുന്നു

കെ പി ജലീൽ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പറ്റിയ പാളിച്ച ആവർത്തിച്ച് ഫലത്തിനു ശേഷവും ഇടതുമുന്നണി. സിപിഎം നേതാക്കൾ പ്രചാരണ സമയത്ത് ഇല്ലാത്ത കള്ളപ്പണവും വർഗീയ പരസ്യവും ഉയർത്തി യുഡിഎഫിന് കൂടുതൽ വോട്ടുകൾ നേടാൻ സഹായകമായെങ്കിൽ, ഫലം പുറത്തുവന്നതിനുശേഷം തന്ത്രങ്ങളിൽ പിഴയ്ക്കുകയാണ് സിപിഎം. മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും നിയന്ത്രിച്ച പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഓരോ തന്ത്രവും പൊളിഞ്ഞു പാളീസാവുന്നതാണ് കണ്ടത്. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലിൻ്റെ സഹപ്രവർത്തകൻ ഫെനി കൊണ്ടുപോയ നീല പെട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് സിപിഎം വെട്ടിലായിരുന്നു .കള്ളപ്പണം കണ്ടെത്താനോ അതിന് കൃത്യമായ വിശദീകരണം നൽകാനോ കഴിയാതിരുന്ന സിപിഎം കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പോലീസിനെ വിട്ട് തിരിച്ചിൽ നടത്തിച്ചതും ഏറെ വിവാദമായിരുന്നു .ഇതെല്ലാം തിരിച്ചടിച്ചിട്ടും തന്ത്രങ്ങളിൽ പാളിച്ച പറ്റിയെന്ന് തുറന്നു പറയാൻ ഫലം വന്നതിനുശേഷം സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.

എന്നാലിപ്പോൾ യുഡിഎഫ് വിജയിച്ചത് മുസ്ലിം വർഗീയ വോട്ടുകൾ കൊണ്ടാണെന്ന് പറഞ്ഞ് അണികളെയും മാധ്യമങ്ങളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം ജില്ലാ ഘടകം . ഇത് വിശ്വസിക്കാൻ ജനങ്ങൾ പോയിട്ട് സി.പി.എം അണികൾ പോലും മടിക്കുന്നു. ബി.ജെ.പിക്ക് പതിനായിരത്തിലധികം വോട്ടുകൾ കുറയുകയും പ്രതീക്ഷിച്ചതിലും വോട്ടുകൾ യു.ഡി.എഫിന് കൂടുകയും ചെയ്തതിനെ വർഗീയതയായി അവതരിപ്പിക്കുന്നത് സി.പി.എമ്മിൻ്റെ വർഗീയ മുഖത്തെയാണ് തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പാലക്കാട് സഹായിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ രണ്ടു സംഘടനകളും സിപിഎമ്മിനെ മുൻകാലത്തും ഇപ്പോഴും സഹായിച്ചതും സഹായിച്ചു കൊണ്ടിരിക്കുന്നതുമാണെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു .നിലവിൽ പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭയിലും കോട്ടങ്ങൽ ഗ്രാമപഞ്ചായത്തിലും എസ്ഡിപിഐയുടെ സഹായത്തോടെയാണ് സിപിഎം ഭരണം നടത്തുന്നത് .ഇവരുടെ പിന്തുണ വേണ്ടെന്നു പറയാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. പറഞ്ഞാൽ രണ്ട് ഭരണവും നഷ്ടപ്പെടും. മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലാണെങ്കിൽ 1996 ൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിന് പാർട്ടി പത്രമായ ദേശാഭിമാനിയിലൂടെ പ്രശംസ ചൊരിഞ്ഞ എഡിറ്റോറിയലും പുറത്തുവന്നിരിക്കുകയാണ്. നീണ്ട 20 വർഷക്കാലം തങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയത് എന്നാണ് ആ സംഘടനയുടെ നേതാക്കൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചത് .ഇത് നിഷേധിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ രണ്ടു സംഘടനകളും സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു എന്ന സത്യം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല . കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതും ചരിത്രത്തിൽ യു.ഡി.എഫിന് പാലക്കാട്ട് വലിയ ഭൂരിപക്ഷം ലഭിക്കാനിടയാക്കുകയും ചെയ്തു. ഈ അവസരത്തിൽ വീണ്ടും വീണ്ടും കെണിയിൽ കുരുങ്ങുകയാണ് പാലക്കാട്ടെ സിപിഎം. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഈ തന്ത്രമായിരിക്കുമോ സി.പി.എം പയറ്റുന്നതെന്നാണ് ജനം ചോദിക്കുന്നത്.

webdesk13: