സിപിഎം സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്‍ ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.ജയരാജന് ഇടമില്ല. കഴിഞ്ഞ തവണയും ഇടം നേടാനാവാതെ പോയ ജയരാജന്‍ ഇക്കുറി സെക്രട്ടറിയേറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടര്‍ച്ചയുണ്ടായ വിവാദങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്.
കണ്ണൂര്‍ സിപിഎമ്മില്‍ വാഴ്ത്തുപാട്ടും വീരാരാധനയും ഒക്കെയായി പി.ജയരാജനെ ഒരു സംഘം കൊണ്ടാടി. ഒടുവില്‍ അതുതന്നെ ജയരാജന് വിനയായി. പി.ജയരാജന്‍ പാര്‍ട്ടിക്ക് മേലെ പറക്കുന്നു എന്ന തോന്നല്‍ ഉണ്ടായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വ്യക്തിപൂജയുടെ പേരില്‍ ആദ്യം താക്കീത്.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി.ജയരാജന് തിരികെ എത്തുമ്പോള്‍ ജില്ലാ സെക്രട്ടറിയുടെ പദവി നല്‍കിയില്ല. പിന്നീടും വിവാദങ്ങള്‍ ഏറെയുണ്ടായി. ജയരാജന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണം പ്രധാന കാരണം. ജയരാജനെ പ്രതിരോധിക്കാന്‍ എത്തിയതൊക്കെ സ്വര്‍ണക്കടത്ത് കൊട്ടേഷന്‍ സംഘാംഗങ്ങള്‍. മനു തോമസിന്റെ ആരോപണങ്ങളില്‍ ജയരാജന്റെ പ്രതികരണം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജില്ലാ സമ്മേളനത്തില്‍ ജയരാജനെതിരെ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ജയരാജനെതിരായ പരാതി പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം പിടിക്കില്ലെന്ന് അന്നേ ഉറപ്പായിരുന്നു. പാര്‍ട്ടിയില്‍ പി.ജയരാജനേക്കാള്‍ ജൂനിയറായ എം.വി ജയരാജന്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജന്‍ തിരിച്ചുവരാനും സാധ്യതയില്ല.
അടുത്ത സമ്മേളനക്കാലം ആകുന്നതോടെ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ പി .ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാകും. ഫലത്തില്‍ ഇനി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.ജയരാജന് ഇടമില്ലെന്ന് അര്‍ത്ഥം. പാര്‍ട്ടി തീരുമാനത്തിനെതിരെ ജയരാജന്‍ പരസ്യ പ്രതിഷേധത്തിന് പുറപ്പെടാന്‍ സാധ്യത ഒട്ടുമില്ല. എന്നാല്‍ ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്‍മി പോലുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.