X

കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയായി സി.പി.എം മാറി; പി.എം.എ സലാം

കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്നും വിദ്യാര്‍ത്ഥി സമരത്തെ കയ്യൂക്ക് കൊണ്ട് നേരിട്ടാല്‍ പ്രതിഷേധം ശക്തമായി തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം മാത്രമാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഗുണം കൊണ്ടാണ് സി.പി.എമ്മിന് വന്‍ പരാജയമുണ്ടായതെന്ന ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട് എന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെങ്കില്‍ അത് ആദ്യം ബോധ്യപ്പെടുത്തേണ്ടത് എസ്.എഫ്.ഐയാണെന്നും പി.എം.എ സലാം പറഞ്ഞു.

എം.എസ്.എഫ് നേതാക്കള്‍ ജയിലിലാണ്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാക്കാനാണ് അവര്‍ സമരം ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് അവര്‍ക്ക് മേലെ ചുമത്തിയത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു പാര്‍ട്ടിയായി സി.പി.എം മാറി. തുടര്‍പഠനത്തിന് മുഴുവന്‍ കുട്ടികള്‍ക്കും അവസരമുണ്ടാക്കണം.

എം.എസ്.എഫും യൂത്ത് ലീഗും സമരത്തിലാണ്. അതിനെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് തീരുമാനമെങ്കില്‍ സമരം മുസ്ലിംലീഗ് ഏറ്റെടുക്കും. പിന്നെ പിണറായിയുടെ പോലീസ് മതിയാകില്ല. അവസാന അലോട്ട്മെന്റ് കഴിഞ്ഞിട്ടും 25000 കുട്ടികള്‍ മലപ്പുറത്ത് സീറ്റില്ലാതെ പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്രകാലം വിദ്യാഭ്യാസ മന്ത്രിക്ക് കള്ളത്തരം കാട്ടി പിടിച്ച് നില്‍ക്കാനാവും? അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം. ഇല്ലെങ്കില്‍ സമരം ലീഗ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

webdesk13: