X

അർധരാത്രിയില്‍ ജെസിബിയുമായെത്തി വീടിന്‍റെ മതിലും ഗേറ്റും തകർത്ത് സിപിഎം സംഘം; കൂത്തുപറമ്പ് പൊലീസില്‍ പരാതി

റോഡിന് ഉദ്ദേശിച്ച അത്ര സ്ഥലം കൊടുത്തില്ല എന്നാരോപിച്ച് അര്‍ധരാത്രി മണ്ണുമാന്തി യന്ത്രവുമായി എത്തി വീട്ടുമതിലും ഗേറ്റും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. കണ്ണൂര്‍ മാങ്ങാട്ടിടം കുളിക്കടവിലെ തഫ്‌സീല മന്‍സിലില്‍ പി.കെ. ഹാജിറയുടെ വീട്ടുമതിലും ഗേറ്റും തകര്‍ത്തതായാണ് പരാതി. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും മാങ്ങാട്ടിടം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കുളിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഹാജിറയുടെ വീടിന്റെ മുന്‍വശത്ത് റോഡ് നവീകരിക്കുന്നുണ്ട്. ആവശ്യമായ സ്ഥലം റോഡിന് വിട്ടുനല്‍കിയാണ് വീട്ടുമതില്‍ നിര്‍മ്മിച്ചത്. എന്നാല്‍ വീണ്ടും സ്ഥലം വിട്ട് തരണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ വേണ്ടത്ര സ്ഥലം ഉള്ളപ്പോള്‍ പുതുതായി നിര്‍മ്മിച്ച മതിലും ഗേറ്റും പൊളിച്ച് മാറ്റാന്‍ കഴിയില്ല എന്ന് ഇവര്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സിപിഎം സംഘം മതില്‍ പൊളിച്ചതെന്ന് ഹാജിറ പറയുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് വീട്ടുമതിലും ഗേറ്റും തകര്‍ത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഹാജിറ പരാതി നല്‍കി. മതില്‍ പൊളിക്കുന്ന സമയത്ത് വീട്ടിലുള്ളവര്‍ പുറത്ത് ഇറങ്ങാതിരിക്കാന്‍ വീടിന് മുന്നിലെ ഗ്രില്‍ വാതില്‍ പൂട്ടിയതായും ആക്ഷേപമുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ മണ്ണുമാന്തി യന്ത്രവുമായി സംഘം രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ട് ഗ്രില്‍സ് തുറന്നതിനു ശേഷമാണ് മതിലും ഗേറ്റും തകര്‍ന്നുവീണതായി കണ്ടത്. അതിക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

webdesk13: