എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ ജെ.ഡി.എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തില്‍ എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നതായി ജെ.ഡി.എസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തയാറാകണം.
സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ.സി.എസിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കണം. എന്‍.ഡി.എയ്ക്കൊപ്പം ചേര്‍ന്ന ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ട് വേണം സി.പി.എം നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഉണ്ടോയെന്ന് മാത്രമെ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍പറഞ്ഞു.