ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബി.ജെ.പിയെ താഴെയിറക്കാന്‍ ധാരണയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്നതാണു യെച്ചൂരിയുടെ നിലപാട്.
എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. ഇതോടെയാണ് തീരുമാനം വോട്ടെടുപ്പിന് വിടാന്‍ ധാരണയായത്. അതേസമയം തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്‍ രാജി ആലോചിക്കേണ്ടി വരുമെന്ന് യെച്ചൂരി വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയിലാണ് യെച്ചൂരി നിലപാട് അറിയിച്ചത്. അതേസമയം സെക്രട്ടറി സ്ഥാനം രാജിവെക്കരുതെന്ന് പി.ബി യെച്ചൂരിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ള ബദല്‍ രേഖ തള്ളിയാലും ജനറല്‍ സെക്രട്ടറി സ്ഥാനം യെച്ചൂരി തുടരണമെന്ന് ബംഗാള്‍ ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രാജി വെക്കുന്നത് പാര്‍ട്ടി ക്ഷീണം ഉണ്ടാക്കുമെന്നും പി.ബി വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണക്കുന്ന വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാറ്റി നിര്‍ത്തിയാല്‍ കേരള ഘടകവും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ പരാജയപ്പെട്ടശേഷം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മിക പ്രശ്‌നമാണ്.