കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാവുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയും പാര്‍ട്ടി അണികള്‍ക്കിടയില്‍ വിവാദം ഉയരുകയാണ്. ആരോപണ വിധേയരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അണികളുടെ ആരോപണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് പിരിവും ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണത്തിനായി നടത്തിയ ചിട്ടിയുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ആരോപണം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കം നടന്നെങ്കിലും ഏരിയ സമ്മേളനത്തില്‍ ആരോപണം ശക്തമായതോടെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ടിവി രാജേഷ്,പിവി ഗോപിനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ആരോപണ വിധേയരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്താന്‍ വ്യാജ റസീറ്റുകള്‍ ഹജരാക്കിയതായി കണ്ടെത്തിയിരുന്നെങ്കില്‍ അന്വേഷണം മന:പൂര്‍വം വൈകിപ്പിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍, അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍ച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നു.ഏരിയാ കമ്മിറ്റി കെട്ടിട നിര്‍മാണത്തിനായി 15000 പേരില്‍ നിന്ന് 1000 രൂപ വീതം ശേഖരിച്ചാണ് ചിട്ടി നടത്തിയത്. പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് പരിശോധനയില്‍ രണ്ട് റസീറ്റ് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ തിരിച്ചെത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഹാജരാക്കാ ന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു പ്രസില്‍ നിന്ന് അച്ചടിച്ച് എത്തിക്കുകയായിരുന്നു.
ചില നേതാക്കളുടെ അറിവോടെ നടന്ന ക്രമക്കേടുകള്‍ എതിര്‍വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ് പുറത്തറിഞ്ഞത്. ഏരിയ സെക്രട്ടറിയായ വ്യക്തി മറ്റൊരു ആരോപണത്തെ തുടര്‍ന്ന് പുറത്തായിരുന്നു.പിന്നീട്, ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമാണ് പയ്യന്നൂരില്‍.