X
    Categories: CultureNewsViews

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സി.പി.എമ്മിന് ഭീതി


സിനു. എസ്. കുറുപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സി.പി.എമ്മിന് ഭീതി. ഇന്ത്യയില്‍ അവശേഷിക്കുന്ന ലാവണം കൂടി രാഹുലിന്റെ വരവോടെ നഷ്ടമാകുമോ എന്നാണ് സി.പി.എമ്മിന്റെ പേടി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായി നിലനില്‍ക്കുന്ന തരംഗം രാഹുല്‍ എത്തുന്നതോടെ ശക്തമാകുമെന്ന് ഉറപ്പാണ്. സി.പി.എമ്മിന് പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ പോലും ഈ തംരഗത്തില്‍ നിലംപൊത്തുമെന്നാണ് അവരുടെ പേടി. രാഹുലിന്റെ വരവ് തടയാന്‍ സി.പി.എം നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
പ്രസ്താവനകളുമായി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടില്‍ മത്സരിക്കുന്ന സി.പി.ഐയും അങ്കലാപ്പിലാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുനീറിനോട് തോല്‍ക്കനാണ് രാഹുലിന്റെ വരവെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്റെ പ്രസ്താവന 2019 ലെ ഏറ്റവും വലിയ തമാശയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങല്‍ വിലയിരുത്തുന്നത്. മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് സി.പി.എം വ്യക്തമാക്കിയതും രാഹുലിന്റെ വരവ് തടയാനാണ്. ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കുക, ഇടതുപക്ഷത്തിന്റെ ശക്തി പാര്‍ലമെന്റില്‍ കൂട്ടുക, മതേതരബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക, ഇതായിരുന്നു തെരഞ്ഞെടുപ്പില്‍ സി.പി.എം മുന്നോട്ടുവച്ച മുദ്രാവാക്യം. മതേതര ബദല്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് നേതൃത്വം നല്കട്ടെ എന്നതാണ് സി.പി.എം നയം. മാത്രമല്ല പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനു പോലും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ ഈ നയം മാറ്റേണ്ടി വരുമെന്ന് സി.പി.എം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിനെ മാറ്റി നിറുത്തിയുള്ള മതേതര ബദല്‍ ആലോചിക്കേണ്ടി വരും. ബി.എസ്.പിയും എസ്.പിയും ടി.ആര്‍.എസും ടി.ഡി.പിയും ഒക്കെ ഉള്‍പ്പെട്ട ഒരു മുന്നണി എന്ന ആശയത്തിലേക്ക് സി.പി.എമ്മിന് മാറേണ്ടി വരും എന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു. രാഹുലിനെതിരെയുള്ള ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ താന്‍ തോല്‍പിച്ച വ്യക്തിയെ പ്രധാനമന്ത്രിയാക്കാന്‍ എങ്ങനെ വോട്ടു ചെയ്യും. തെക്കേ ഇന്ത്യയിലും മത്സരിക്കാനാണ് തീരുമാനമെങ്കില്‍ ബി.ജെ.പിക്ക് ശക്തിയുള്ള തിരുവനന്തപുരം എന്തു കൊണ്ട് തെരഞ്ഞെടുക്കുന്നില്ലെന്നും ഇടതുനേതാക്കള്‍ ചോദിക്കുന്നു. പശ്ചിമബംഗാളില്‍ നീക്കുപോക്കിനുള്ള ശ്രമം തകര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പു കേടുകൊണ്ടാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ഭിന്നതയ്‌ക്കൊടുവിലാണ് കോണ്‍ഗ്രസിനോട് മൃദുസമീപനം പുലര്‍ത്തുന്ന നയം സി.പി.എം അംഗീകരിച്ചത്. ബി.ജെ.പിയെ എതിര്‍ക്കാനെങ്കില്‍ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെയെന്നുമാണ് സി.പി.എം നിലപാട്.
വയനാട് സീറ്റില്‍ത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് കെ.പി.സി.സി മുന്നോട്ടു വച്ചത്. ‘അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. കെ.പി.സി.സിയുടെ ആവശ്യവും രാഹുല്‍ പരിഗണിക്കും.’, എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ ആവശ്യം രാഹുലിന് മുന്നില്‍ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. ‘പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു’മായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്നത് ടിവി ചാനലുകള്‍ കണ്ട് മാത്രമാണ് അറിഞ്ഞതെന്നാണ് എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗം പി.സി ചാക്കോ പറയുന്നത്. രാഹുല്‍ സമ്മതം മൂളിയെന്ന പ്രചരണം ശരിയല്ലെന്നും പി.സി ചാക്കോ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: