കടക്കല്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റു മരിച്ചയാളെ രക്തസാക്ഷിയാക്കി സി.പി.എം. കഴിഞ്ഞ ദിവസം ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സജീന മന്‍സിലില്‍ ബഷീര്‍ (72) ആണ് കുത്തേറ്റു മരിച്ചത്. പ്രതി മുദീന മന്‍സിലില്‍ ഷാജഹാനെ (63) നാട്ടുകാര്‍ അപ്പോള്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ഷാജഹാന്‍ ബഷീറിനെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് പിന്നീട് അസഭ്യം വിളിയിലെത്തി. തുടര്‍ന്ന് ഇവിടെ നിന്ന് പോയ ബഷീറിനെ ഷാജഹാന്‍ പിന്നാലെയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താലൂക്ക് ആസ്പത്രിയില്‍ വെച്ചാണ് ബഷീര്‍ മരിച്ചത്.
ബഷീര്‍ മരിച്ചതോടെ ഷാജഹാന്‍ കോണ്‍ഗ്രസ് നേതാവാണെന്നും കോണ്‍ഗ്രസ് ആസൂത്രണം ചെയ്താണ് ബഷീറിനെ കൊലപ്പെടുത്തിയതെന്നും സി.പി.എം പ്രചരിപ്പിക്കുകയായിരുന്നു. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇതിനെ രാഷ്ട്രീയ കൊലപാതകമാക്കി പ്രചരിപ്പിക്കുകയാണ്.
ഷാജഹാന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും ലഹരിക്കടിമയായ ഇയാള്‍ ഇവിടത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.