കെ.പി ജലീല്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നൂറോളം കരാര്‍തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാസെക്രട്ടറിക്ക് പട്ടിക ആവശ്യപ്പെട്ട് കത്തെഴുതിയ മേയര്‍ ആര്യാരാജേന്ദ്രന്റെ നടപടി വിവാദമായതോടെ തലയൂരാനുള്ള വഴിതേടുകയാണ് സി.പി.എം സംസ്ഥാനനേതൃത്വം. താനല്ല ,താനറിഞ്ഞല്ല കത്തെഴുതിയതെന്ന വാദം ഔദ്യോഗിക ലെറ്റര്‍പാഡിലാണെന്നതിനാല്‍ മേയര്‍ക്കും പാര്‍ട്ടിക്കും പൂര്‍ണമായി തള്ളിക്കളയാനാവില്ല. സി.പി.എം ജില്ലാഘടകത്തിലെ പോരാണ് കത്ത് പുറത്താകാന്‍ കാരണമായതെങ്കിലും ആര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കള്‍.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാന്‍ വൈകിയതും മുഖ്യമന്ത്രിയും പരിവാരവും വിദേശയാത്ര നടത്തിയതും മറ്റും പറഞ്ഞൊതുക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ വന്‍ചര്‍ച്ചക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ വടികൂടി പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ നിലവിലുള്ള ശിവന്‍കുട്ടി- കടകംപള്ളി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്ക്കമാണ് മേയറെ കുടുക്കാനുള്ള പദ്ധതിയായി അവതരിച്ചത്. ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം. ഇതിനിടെയാണ് മേയര്‍ ഡല്‍ഹിയില്‍ ഡിഫി സമരത്തില്‍ തൊഴിലിനായി കൊടിപിടിച്ചതും തിരുവനന്തപുരത്ത് കത്ത് പുറത്തായതും. പാര്‍ലമെന്ററി കമ്മിറ്റിയംഗങ്ങളാണ് കത്ത് പുറത്തായതിന ്പിന്നിലെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ നിയമനങ്ങളെല്ലാം കഴിഞ്ഞ ആറുവര്‍ഷമായി പാര്‍ട്ടിക്കാര്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കുമായി വീതിച്ചുനല്‍കുകയാണെന്ന പരാതി നിലനില്‍ക്കെ പുറത്തുവന്ന കത്ത് തല്കാലത്തേക്ക് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍-പാര്‍ട്ടി തീരുമാനം. ഇതോടെ വിവാദം നിലയ്ക്കുമെന്നാണ ്കരുതുന്നതെങ്കിലും സി.പി.എമ്മിലെ പുതിയ ഗ്രൂപ്പുകള്‍ അടങ്ങിയിരിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
വിവിധ കോര്‍പറേഷനുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി പതിനായിരക്കണക്കിന് പേരെയാണ് കഴിഞ്ഞകാലത്ത് സി.പി.എം നിയമിച്ചത്. ഇതെല്ലാം സി.പി.എം ജില്ലാ-സംസ്ഥാനനേതൃത്വത്തിന്റെ പ്രത്യേകമെഷിനറി മൂഖേനയായിരുന്നു. പുതിയ നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെങ്കിലും അവിടെയും പാര്‍ട്ടിക്കാര്‍തന്നെയാണ ്‌സ്വാധീനത്താല്‍ കയറിപ്പറ്റുകയെന്നാണ് തൊഴില്‍രഹിതരായ യുവാക്കളുടെ പരാതി.