X

തലയില്‍ മുണ്ടിട്ട് സി.പി.എം-എഡിറ്റോറിയല്‍

CPIM FLAG

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ രോദനം കേരളം മുഴുക്കെയും പ്രതിധ്വനിക്കുന്നുണ്ട്. നിസ്സഹായയായ അവരുടെ കണ്ണീരിന്റെ വില അറിയാന്‍ അധികാര വര്‍ഗത്തിന് ഇനിയും ദയവുണ്ടായിട്ടില്ല. മാറിടത്തില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട കുഞ്ഞ് എവിടെയാണെന്ന് പോലും അറിയാതെ അനുമപയെന്ന യുവതി സങ്കടക്കടലില്‍ നീന്തുകയാണ്. രക്ഷകരാവേണ്ടവരും ആശ്രയമരുളേണ്ടവരും മുഖംതിരിക്കുന്നു. മനുഷ്യാവകാശ നിഷേധത്തിന്റെ ഇരകളായി ഒരു അമ്മ കേരളീയ സമൂഹത്തിന് മുന്നില്‍ നീതിക്കുവേണ്ടി യാചിക്കുകയാണ്. ലാളനയുടെ മടിത്തട്ടില്ലാതെ ‘അനാഥ’രുടെ പട്ടികയില്‍ ഒരു കുഞ്ഞും വാവിട്ടു കരയുന്നു. സി.പി.എം നേതാക്കളായ അമ്മയും അച്ഛനും ചേര്‍ന്ന്് മകളുടെ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്രയും മൃഗീയമായി ഒരു ചോരക്കുഞ്ഞിനോട് പെരുമാറാന്‍ ധൈര്യം പകര്‍ന്ന പാര്‍ട്ടി തത്വശാസ്ത്രവും പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവായിരുന്ന അനുപമക്കിപ്പോള്‍ സ്വന്തം പാര്‍ട്ടിയിലും നിയമസംവിധാനങ്ങളിലും വിശ്വാസമില്ല. ഒരു കുട്ടിയെ കണ്ടെത്താന്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് അറച്ചുനില്‍ക്കുന്ന അധികാര കേന്ദ്രങ്ങളോട് അവര്‍ക്ക് അവജ്ഞ തോന്നകുക സ്വാഭാവികം. അനുപമ സഹായം തേടി മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും മുന്നില്‍ അവര്‍ പരാതിയുമായെത്തി. പാര്‍ട്ടി തലവന്മാരുടെ കാല്‍ക്കല്‍ വീണുനോക്കി. ഭരണ, പൊലീസ് സംവിധാനങ്ങളൊക്കെയും നിസ്സഹായതയുടെ കറുത്ത മൂടുപടമണിഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞപ്പോള്‍ മാത്രമാണ് പേരിനെങ്കിലും ചില അനക്കങ്ങളുണ്ടായത്.

2020 ഒക്ടോബര്‍ 19ന് മകള്‍ ജന്മം നല്‍കിയ കുഞ്ഞിനെ സ്വീകരിക്കാന്‍ അനുപമയുടെ സി.പി.എം കുടുംബം തയാറായിരുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അജിത്തുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍, പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ ബലമായി തട്ടിയെടുത്തെന്നാണ് യുവതി പറയുന്നത്. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ആര്‍ക്കോ ദത്തുനല്‍കിയെന്നാണ് വിവരം. ഭരണതലത്തില്‍ പിടിപാടുള്ള പാര്‍ട്ടി നേതാക്കളായ മാതാപിതാക്കള്‍ അധികാര സ്വാധീനം ഉപയോഗിച്ചാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് അനുമപ ഉറച്ചുവിശ്വസിക്കുന്നു. പരാതിപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചതെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമര്‍ഹിക്കുന്നുണ്ട്. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിയും വന്നു. അനുപമയെക്കുറിച്ചുള്ള വാര്‍ത്തകളോടൊപ്പം തന്നെ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.എഫ്.ഐ നടത്തിയ മറ്റൊരു സ്ത്രീ പീഡനവും മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എം.ജി സര്‍വകലാശാലയില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതും സി.പി.എമ്മില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതിന് തെളിവാണ്. ഇടതുമുന്നണിയുടെ ഭാഗമായിട്ടുകൂടി വനിതാ നേതാവിന് രക്ഷയുണ്ടായില്ല. അവരുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം കൂടി അക്രമികളുടെ കൂട്ടത്തിലാണ്ടായിരുന്നു എന്നാണ് വനിതാ നേതാവ് നല്‍കിയിരിക്കുന്ന മൊഴി. സി.പി.എമ്മിന്റെ സ്ത്രീവരുദ്ധ മനോഭാവം മറനീക്കിയ നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. വനിതാ അംഗങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചും ഒതുക്കിയും പുരുഷമേധാവിത്വം പാര്‍ട്ടിയെ അടക്കിഭരിക്കുകയാണ്. സ്ത്രീപീഡകരെ അകറ്റിനിര്‍ത്തുകയും ശിക്ഷിക്കുകയുംചെയ്യുന്നതിന് പകരം അവര്‍ക്ക് തണലൊരുക്കാനാണ് പാര്‍ട്ടി ശ്രമിക്കാറുള്ളത്. രണ്ട് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയെത്തുടര്‍ന്ന് നടപടി നേരിട്ട ഒരു മുന്‍ എം.എല്‍.എയെ ജില്ലാ കമ്മിറ്റിയില്‍ ഇരിപ്പിടം തിരിച്ചുനല്‍കിയാണ് സി.പി.എം ‘ആദരിച്ചത്.’ ആറ് മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമായിരുന്നു അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയ ശിക്ഷ. നടപടിയുടെ കാലാവധി അവസാനിച്ചെന്നായിരുന്നു അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള കാരണമായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്.

സി.പി.എമ്മിന്റെ കണ്ണില്‍ സ്ത്രീപീഡനങ്ങള്‍ പൊറുക്കാവുന്നതും മറക്കാവുന്നതുമായ കേസുകളാണ്. നേതൃസ്ഥാനങ്ങളിലും ഭരണത്തിലുമെല്ലാം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വീരവാദം മുഴക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുതിരകയറുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്കകത്താണ് ഇതൊക്കെയും നടക്കുന്നത്. കണ്ണൂരിലും എറണാകുളത്തും വടക്കാഞ്ചേരിയിലും ഇരിങ്ങാലക്കുടയിലുമെല്ലാം സ്ത്രീപീഡനക്കേസുകളില്‍ പ്രതികളായ പാര്‍ട്ടി നേതാക്കള്‍ പിന്നീട് നേതൃസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. സമരമുഖങ്ങളില്‍ ആള്‍ക്കൂട്ടങ്ങളായി മാത്രം ഉപയോഗിക്കുന്ന സ്ത്രീകളെ മനുഷ്യരായി കാണാന്‍ സി.പി.എം ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ഇടതു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീസുരക്ഷ വെറും നാട്യങ്ങളാണെന്ന് പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികാര ബലത്തില്‍ കേസുകള്‍ ഒതുക്കിയും ഒത്തുതീര്‍പ്പാക്കിയും തടിയെടുക്കുന്ന സി.പി.എമ്മില്‍ അനുപമയെ പോലുള്ളവര്‍ക്ക് എന്നും നീതിനിഷേധത്തിന്റെ പൊരിവെയിലത്ത് നില്‍ക്കേണ്ടിവരും. ഇരകളുടെ കൂടെ പാര്‍ട്ടിയോ നേതൃത്വമോ ഉണ്ടാകാറില്ല. പാര്‍ട്ടിയുടെ ഇഷ്ടക്കാരായ വേട്ടക്കാരെ ചിറകിലൊതുക്കി ആരോപണങ്ങള്‍ മായ്ച്ചുകളയുകയാണ് പതിവ്. സ്ത്രീ സമത്വ മുദ്രാവാക്യങ്ങള്‍ വിളിച്ച് തൊണ്ട കീറുന്ന ഒരു പാര്‍ട്ടിയുടെ അകത്തളം എത്രത്തോളം മാലിന്യം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് ഈ സംഭവങ്ങളെല്ലാം. സമൂഹത്തിന്റെ ജനാധിപത്യ, സാംസ്‌കാരിക നിലവാരം അളക്കുന്ന പ്രധാന മാനദണ്ഡമാണ് സ്ത്രീ സുരക്ഷ. അത് ഉറപ്പാക്കാത്ത കാലമത്രയും കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് തലയില്‍ മുണ്ടിട്ട് തന്നെ നടക്കേണ്ടിവരും.

 

Test User: