കോഴിക്കോട് മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരെ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിലെ പ്രതികള്‍ക്കുവേണ്ടി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പരസ്യമായി രംഗത്തുവന്നത് പിണറായി സര്‍ക്കാറിന്റെ കാലത്തെ പാര്‍ട്ടി ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ജില്ലാ സി.പി.എം നേതൃത്വം ഏറ്റവും അവസാനം പൊലീസിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്ന് സുരക്ഷാ ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. ആവശ്യമായ അനുമതി തേടാതെ ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെയും ഭാര്യയെയും ജീവനക്കാര്‍ വിലക്കിയതിനു പിന്നാലെ സംഘടിതമായെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ ജീവനക്കാര്‍ക്കും സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനും നേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയും പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തതോടെയാണ് ആദ്യം ഡി.വൈ.എഫ്.ഐയും പിന്നീട് സി.പി.എമ്മും പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബാലുശ്ശേരി എം.എല്‍.എയും എസ്.എഫ്.ഐ നേതാവുമായ സച്ചിന്‍ദേവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജുവുമുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. കോടതി തീരുമാനം വന്നതിനു തൊട്ടു പിന്നാലെ ഇവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബറിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിടുകയും ചെയ്തു. പിന്നീട് സി.പി.എം ജില്ലാ സെക്രട്ടറി കെ. മോഹനനും പൊലീസിനു നേരെ തിരിയുകയും ഭീഷണിയുടെ സ്വരവുമായി രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്ക് സി.പി.എമ്മുകാരെ എത്രത്തോളം ധിക്കാരികളാക്കി മാറ്റിയിരിക്കുന്നു എന്നതിന്റെ നഖചിത്രമാണ് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണവും തുടര്‍സംഭവങ്ങളും. പാര്‍ട്ടിക്കാര്‍ക്ക് നാട്ടിലെ നിയമങ്ങളൊന്നും ബാധകമല്ലെന്നും അവരുടെ നിയമലംഘനത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഇതായിരിക്കും സ്ഥിതി എന്നതാണ് ഇത് തെളിയിച്ചിരിക്കുന്നത്. സഖാക്കള്‍ എന്തു നെറികേട് കാണിച്ചാലും സംരക്ഷണത്തിന് ഏതറ്റംവരെയും നേതൃത്വം ഉണ്ടാവുമെന്ന ഉറപ്പും ഈ സംഭവത്തിലൂടെ പ്രകടമാവുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ എത്തി എന്നതാണ് പൊലീസ് ചെയ്ത മഹാ അപരാതമായി സി.പി.എമ്മുകാര്‍ കാണുന്നത്. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചതും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയതും അവരെ വലിയ തോതില്‍ പ്രകോപിതരാക്കിയിരിക്കുകയാണ്.
സുരക്ഷാ ജീവനക്കാരോടും പൊലീസ് ഉദ്യോഗസ്ഥരോടുമുള്ള ഈ വെല്ലുവിളിയിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സി.പി.എം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ആവിക്കല്‍തോടില്‍ തീവ്രവാദികള്‍ ആക്രമിച്ചിട്ടും തിരിച്ചടിക്കാതിരുന്ന പൊലീസാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. ജനങ്ങളുടെ നിനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുകയും എന്തു അതിക്രമം കാണിച്ചാലും സി.പി.എമ്മുകാരാണെങ്കില്‍ അവരെ തൊടാന്‍ പാടില്ലെന്നുമുള്ളതാണ് തങ്ങളുടെ നിലപാടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം ഈ പ്രസ്താവനയിലൂടെ നല്‍കിയിരിക്കുന്നത്. മാത്രവുമല്ല മര്‍ദ്ദനത്തിനിരയായ സുരക്ഷാ ജീവനക്കാരെയും അവരുടെ അഭിഭാഷകയെ പോലും ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരിക്കുന്നു. കൈയും കാലും വെട്ടുമെന്നാണ് വനിതാ അഭിഭാഷകക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിയമവാഴ്ച്ച തകര്‍ന്നടിഞ്ഞതിന്റെ പേരില്‍ യു.പിയെയും ബീഹാറിനെയുമൊക്കെ നോക്കി വിലപിക്കുന്ന സി.പി.എമ്മും അനുഭാവികളും സ്വന്തം സംസ്ഥാനത്ത് നടക്കുന്ന ഇത്തരം നഗ്നമായ നിയമ ലംഘനത്തെക്കുറിച്ച് എന്തു പറയുന്നു എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
ഇടതു ഭരണകാലത്ത് ഉദ്യോഗസ്ഥരുടെ കഴിവിനും കാര്യക്ഷമതക്കും പുല്ലുവിലയാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തുതന്നെ യുള്ള ഇതിന്റെ ഉദാഹരണമാണ് മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാനെ നീക്കം ചെയ്തത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം മാറ്റത്തിന്റെയെല്ലാം പിന്നാമ്പുറം പരിശോധിച്ചാല്‍ പാര്‍ട്ടിക്കോ യൂണിയന്‍ നേതാക്കള്‍ക്കോ വഴങ്ങുന്നതില്‍ വരുത്തിയ വീഴ്ച്ചമാത്രമായിരിക്കും ചൂണ്ടിക്കാണിക്കാനുണ്ടാവുക. പാര്‍ട്ടി നോട്ടമിട്ട സ്ഥിതിക്ക് കോഴിക്കോട് കമ്മീഷണറുടെ കാര്യത്തിലും തീരുമാനം മറ്റൊന്നാകാനിടയില്ല.