2013 ഒക്ടോബറില്‍ കണ്ണൂരില്‍ നടന്ന കേരള പോലീസ് അത്ലറ്റിക് മീറ്റ് സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി. ചടങ്ങ് നടക്കേണ്ടിയിരുന്ന സ്ഥലത്തെത്തും മുന്‍പേ സി.പി.എം പ്രവര്‍ത്തകര്‍ ചാണ്ടിയെയും സംഘത്തെയും തടഞ്ഞു. കനത്ത സുരക്ഷയെ മറികടന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കല്ലുകള്‍ പാഞ്ഞു. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന്റെ ചില്ലു തകര്‍ത്ത കല്ല് ചാണ്ടിയുടെ വലതു കണ്ണിനു മുകളിലായി പതിച്ചു. പരിക്കുകളുടെ എണ്ണം രണ്ട്.
സോളാര്‍ വിവാദച്ചൂടിന്റെ പേരില്‍ നടന്ന പ്രതിഷേധങ്ങളിലെ ഒരു ഏടായിരുന്നു അവിടെക്കണ്ടത്. ചാണ്ടി പങ്കെടുത്തിരുന്ന പൊതുചടങ്ങുകളിലെല്ലാം കരിങ്കൊടി വീശുകയായിരുന്നു പതിവ്. കല്ലുകളില്‍ ഒന്ന് നെഞ്ചത്തു കൊണ്ടെങ്കിലും പരിക്കേല്‍പ്പിച്ചില്ല.
കാറിന്റെ പിന്‍സീറ്റില്‍ ഇടതു ഭാഗത്തായി ഇരുന്ന ചാണ്ടിക്ക് കല്ലേറ് കൊണ്ടുവെങ്കിലും തൊട്ടടുത്തിരുന്ന അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പരിക്കേതുമില്ലാതെ രക്ഷപെട്ടു. പരിക്ക് വകവെക്കാതെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തു.
ആക്രമണത്തില്‍ എല്‍.ഡി.എഫിന് പങ്കില്ലെന്നും, ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നറിയാന്‍ അന്വേഷണം നടത്തണമെന്നും ആരോപണത്തോട് പ്രതികരിച്ച് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രതികരിച്ചു. ചടങ്ങ് കഴഞ്ഞതും ഉമ്മന്‍ ചാണ്ടിയെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ച് ഇവിടുത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 22 ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ഭൂരിഭാഗവും സിപിഎമ്മില്‍ നിന്നും അതിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ നിന്നുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എമാരും സിപിഎം ജില്ലാ നേതാക്കളും ഉള്‍പ്പെടെ തിരിച്ചറിയാവുന്ന 1000 എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ 3പേര്‍ കുറ്റക്കാരെന്നു കണ്ണൂരിലെ സെഷന്‍സ് കോടതി കണ്ടെത്തുകയും ചെയ്തു.