ഫൈസല്‍ മാടായി
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്‍ ഒതുക്കിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങാതെ സി.പി.എം മാറി നിന്നത് ചെങ്ങന്നൂരില്‍ തിരിച്ചടി നേരിടാതിരിക്കാനുള്ള കരുതലായാണ് വിലയിരുത്തപെടുന്നത്. പ്രതിഷേധം കരുത്താര്‍ജിക്കുന്നതിനിടെ ആകാശ പാതയെന്ന ആശയം മുന്നോട്ട് വെച്ചതിന് പിന്നിലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്‍ ആകാശ പാതയെന്ന ആശയം വ്യക്തമാക്കി കേന്ദ സര്‍ക്കാറിന് കത്തയച്ചത്. നേരത്തെ വയല്‍കിളികളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി സുധാകരന്‍ അധിക്ഷേപിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച് കൊണ്ട് ബൈപ്പാസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കേന്ദ്രത്തില്‍ പഴിചാരിയാണ് സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവും സംസാരിച്ചത്.
സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ സമര പന്തല്‍ കത്തിച്ചും കര്‍ഷകരുള്‍പ്പെടെയുള്ള കീഴാറ്റൂര്‍ വാസികളെ ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കുവാനുള്ള തന്ത്രങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്ന വയല്‍കിളി കൂട്ടായ്മ. രണ്ടാംഘട്ട സമരത്തിന് ഒരുങ്ങവെയാണ് കീഴാറ്റൂര്‍ വയല്‍ സംരക്ഷകരെന്ന പേരില്‍ സി.പി.എം ചെറുത്ത് നില്‍പ്പിനൊരുങ്ങിയത്. പാര്‍ട്ടി അനുഭാവികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാനുള്ള അടവായിരുന്നു സംരക്ഷണ സമിതിയെന്ന പേരില്‍ രംഗത്തെത്തിയത്. ശനിയാഴ്ച തളിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും പ്രതിരോധം തല്‍ക്കാലം പേരില്‍ ഒതുക്കാനുള്ളനയമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വയല്‍കിളി സമര സ്ഥലത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറപ്പെടുവിച്ചത്.
വയല്‍കിളി കൂട്ടായ്മ നടത്തുന്ന സമരം ആക്രമിക്കപെടുന്ന അവസ്ഥ വന്നാല്‍ പാര്‍ട്ടിക്ക് ബാധിക്കുമെന്നും ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. നെല്‍വയല്‍ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കുന്ന സാഹചര്യമുണ്ടായാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ കൂടി ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രതിരോധ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി ഭാഗമായ വയല്‍കിളി സമരത്തെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ അണികളും പാര്‍ട്ടി അനുഭാവികളും എതിരാകുമെന്നതിനാലാണ് ചെറുത്ത് നില്‍പ്പ് പേരില്‍ ഒതുക്കിയത്.
സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്ന ശാസ്ത്ര സാഹിത്യ പരിഷത് നയങ്ങളും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പരിഷത് മുന്നോട്ട് വെച്ച ആകാശ പാതയെന്ന ആശയത്തിന് പുറത്ത് നിലപാടില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാറും പാര്‍ട്ടിയും രംഗത്ത് വന്നത്. സമരക്കാര്‍ക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ പരത്തി പാര്‍ട്ടി പ്രവര്‍ത്തകരായ സമരാനൂകൂലികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിന് പിന്നിലെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമം കൂടി സി.പി.എം സര്‍ക്കാര്‍ തന്ത്രത്തിന് പിന്നിലുണ്ട്. സമരത്തെ ബി.ജെ.പി വല്ലാതെ ഹൈജാക് ചെയ്യപെടുമ്പോള്‍ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അടവ് നയങ്ങളാണ് സി.പി.എം പയറ്റുന്നത്.