തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.
”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”
തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.