മുഹമ്മദലി പാക്കുളം
പാലക്കാട്
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചതോടെ പാലക്കാട്ട് ഇടതുമുന്നണി അങ്കലാപ്പില്‍. സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയങ്കെിലും ആദ്യറൗണ്ടില്‍ തന്നെ ഇടതുകേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടിയാണുണ്ടാവുന്നത്. ലൈംഗിക ആരോപണവുമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന പി.കെ ശശി എം.എല്‍.എയുടെ അസാന്നിധ്യവും ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള സി.പി.എം-സി.പി.ഐ തര്‍ക്കവുമാണ് ഇടതുമുന്നണിക്ക് തലവേദനയാകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സി.പി.ഐ കേന്ദ്രങ്ങളായ അട്ടപ്പാടി, തച്ചമ്പാറ, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ചേരിപ്പോര് രൂക്ഷമാണ്. കഴിഞ്ഞ ദിവസം നടന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് ഇടതുമുന്നണി കണ്‍വന്‍ഷന്‍ സി.പി.ഐ ബഹിഷ്‌കരിച്ചു. രണ്ടുതവണ എം.പിയായ എ.ബി രാജേഷിന് ഇത്തവണയും സീറ്റുനല്‍കി മണ്ഡലം നിലനിര്‍ത്താനാകുമെന്നായിരുന്നു സി.പി.എമ്മിന്റെ നേരത്തെയുള്ള കണക്കൂകൂട്ടല്‍. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും മുന്നണിയിലെ അനൈക്യവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വി.എസ്-പിണറായി ഗ്രൂപ്പിസത്തിന്റെ കേന്ദ്രമായിരുന്ന പാലക്കാട്ട് ഇടവേളക്ക് ശേഷം പി.കെ. ശശിയുടെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് വിണ്ടും ഗ്രൂപ്പിസം മറനീക്കി രംഗത്തെത്തിയത്. ജില്ലയില്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവാതെ പാര്‍ട്ടി പിടിച്ചടക്കിയിരുന്ന പി.കെ ശശിയെ പുറത്താക്കിയതിന് പിന്നില്‍ സ്ഥലം എം.പിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പീഡനത്തിന് ഇരയായ ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പെണ്‍കുട്ടി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ശശിക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയെങ്കിലും ശശിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു നടപടിയുണ്ടായിരുന്നില്ല. പരാതി ലഭിച്ചിട്ടില്ലെന്ന്് വ്യക്തമാക്കിയ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ ശശിയെ സഹായിക്കുന്ന നിലപാടാണ്്് സ്വീകരിച്ചത്. ഈസാഹചര്യത്തിലാണ് പെണ്‍കുട്ടി സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുന്നത്. പിന്നീട് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മാസങ്ങള്‍ക്കൊടുവില്‍ ശശിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിയോട് മോശമായ സംസാരിച്ച ഓഡിയോ കൂടി പുറത്തുവരികയും വലിയ വാര്‍ത്തയാവുകയും ചെയതതോടെയാണ് പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിതരായത്. ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എം.പിയാണെന്നാണ് ശശി വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ശശി അടുത്ത തവണ ജില്ലാ സെക്രട്ടറിയാവാനുള്ള നീക്കങ്ങള്‍ നടത്തുന്നതിടെയാണ് ലൈംഗിക വിവാദത്തോടെ പതനമുണ്ടായത്. എം.പിക്ക് പുറമെ പി. സുധാകരന്‍, മുന്‍ എ.എല്‍.എ എം. ഹംസയുള്‍പ്പെടയുള്ള പ്രധാന നേതാക്കളുമുണ്ടെന്നാണ്് പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരെ മറികടന്നാണ് ശശി ഷൊര്‍ണൂര്‍ എം.എല്‍.എയാകുന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ ഇത് ചോദ്യം ചെയ്തതോടെ രണ്ടുപേരും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ശശി ഇടപെട്ട്് പുറത്താക്കിയിരുന്നു.
സി.പി.എം ഗ്രൂപ്പിസം അതിരൂക്ഷമായ ഈ സാഹര്യത്തില്‍ എം.ബി രാജേഷ് മുന്നാമതുകൂടി മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ പി.കെ ശശി ‘പണി’ കൊടുക്കുമെന്നുറപ്പാണ്. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ ശശി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ല. ഇതിന്്് പുറമെയാണ് സി.പി.എമ്മിന് തവവേദയായി സി.പി.ഐയുടെ കണ്‍വന്‍ഷനുകള്‍ ബഹിഷ്‌കരിച്ചുള്ള തിരിച്ചടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ട് സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ കെ.പി സുരേഷ് രാജിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മിലെ പ്രമുഖര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മാത്രമല്ല കുമരംപുത്തൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഒഴിവാക്കി ഹൗസിങ് സൊസൈറ്റി സി.പി.എം പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് ഭരിച്ചിരുന്ന തെങ്കര പഞ്ചായത്ത് സി.പി.ഐ അംഗം രാജിവെക്കുകയും യു.ഡി.എഫ് പഞ്ചായത്ത് പിടിച്ചടക്കുകയും ചെയ്തു. കുമരംപുത്തൂരിലെ സി.പി.എമ്മിന്റെ കാലുവാരലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നാണ് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കുന്നത്.