ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവാതിര കളിയും വ്യക്തിപൂജയുമായി ആള്‍ക്കൂട്ടത്തില്‍ ചെങ്കൊടിച്ച പാറിച്ച് സി.പി.എം സമ്മേളനങ്ങള്‍ സംസ്ഥാനത്ത് കോവിഡ് വിതയ്ക്കുന്നു. കേരളത്തില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ടി.പി.ആര്‍ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്- 30.55 ശതമാനം. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആള്‍ക്കൂട്ടത്തെ ക്ഷണിച്ചുവരുത്തി കോവിഡ് പരത്തുകയാണ് സി.പി.എം നേതൃത്വം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സമ്മേളനം നടക്കുമ്പോള്‍ സാധാരണക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു. സി.പി.എം നേതാക്കള്‍ളും അണികളുമാകട്ടെ പാറശാലയില്‍ ആടിപ്പാടുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി, എ. വിജയരാഘവന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടികളില്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നില്ല. സമ്മേളന നഗരിയില്‍ തടിച്ചുകൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട പൊലീസ് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത് മടങ്ങിപ്പോവുകയായിരുന്നു.
തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിരയാണ് സി.പി.എം സംഘടിപ്പിച്ചത്. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നെന്ന് അവകാശപ്പെടുമ്പോഴാണ് പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. സമ്മേളനത്തില്‍ പങ്കെടുത്ത കാട്ടാക്കട എം.എല്‍.എ ഐ. ബി സതീഷിനും മറ്റൊരു പ്രതിനിധിക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സി.പി.എം സമ്മേളനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീറിന്റെ പരാതിയില്‍ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം സലൂജ ഉള്‍പെടെ കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. അതേസമയം വിവാദത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാര്‍ ക്ഷമാപണം നടത്തി. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം.
വിവാദം കെട്ടടങ്ങുംമുന്‍പ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിലും തിരുവാതിരക്കളി നടത്തി. കോവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് പ്രതികരിച്ചത്. പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാര്‍ട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചത്.
കേരളം അടച്ചിടേണ്ട സാഹചര്യമാണെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറാകാത്തത് സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നതു കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഇത് ശരിവെക്കും വിധമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട്. ഇന്നലെ 18,123 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.