വിഭാഗീയതയില്‍ പുകഞ്ഞ് സിപിഎം സമ്മേളനങ്ങള്‍. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോഴും ജില്ലാ നേതൃത്വത്തിന് മിണ്ടാട്ടമില്ല. തളിപ്പറമ്പിന് പിന്നാലെ കണ്ണൂരിലും ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പിനെ ചൊല്ലി തെരുവില്‍ പ്രതിഷേധം.
പാര്‍ട്ടി ശക്തിദുര്‍ഗമെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ പ്രദേശിക നേതൃതലത്തിലെ അവഗണനയാണ് അണികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും വിഭാഗീയതയും പ്രകടമാക്കുന്നതാണ് പ്രതിഷേധം. നേത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടിയുയര്‍ത്തിയുമാണ് അസംതൃപ്തരായ പ്രവര്‍ത്തകര്‍ തളിപ്പറമ്പിന് പിന്നാലെ കണ്ണൂരിലും തെരുവിലിറങ്ങിയത്. നേതൃത്വത്തിന് വിധേയമാകുന്നവര്‍ക്ക് ഭാരവാഹിത്വം നല്‍കുന്ന നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരസ്യമാക്കുന്നതാണ് പ്രതിഷേധം. നേതൃസ്ഥാനത്തേക്ക് അവഗണിക്കപ്പെട്ട നേതാക്കളും അവരെ പിന്തുണക്കുന്നവരുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് കണ്ണൂര്‍ വെസ്റ്റ് കമ്മിറ്റിയിലും പ്രശ്‌നങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് സമ്മേളനത്തില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ അവഗണയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ടിഎം ഇര്‍ഷാദ്, തായത്തെരു സെന്‍ട്രല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷംസീര്‍ എന്നിവരുള്‍പ്പെടെയാണ് സമ്മേളനം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപോയത്. സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ലോക്കല്‍ സെക്രട്ടറി ഇര്‍ഷാദിനെ പരിഗണിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. തായത്തെരുവിലെ സിപിഎം സ്തൂപത്തിലാണ് കരിങ്കൊടിയും പ്രതിഷേധ ബാനറും കെട്ടിയത്. തങ്ങള്‍ ചുവപ്പിച്ച മണ്ണില്‍ അടിമയായി ജീവിക്കുന്നതിലും പൊരുതി മരിക്കുന്നതാണ് നല്ലതെന്ന വാചകമുള്‍പ്പെടുന്നതാണ് തായത്തെരു സഖാക്കള്‍ എന്ന പേരില്‍ കെട്ടിയ ബാനര്‍. തളിപ്പറമ്പില്‍ സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പുല്ലായ്‌ക്കൊടി ചന്ദ്രനെതിരെയാണ് ചേരിതിരിവ് രൂക്ഷമായിരിക്കുന്നത്. അച്ചടക്ക നടപടിയുമായി സിപിഎം മുന്നോട്ടുപോകുന്നതിനിടെ കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മയും മാന്തംകുണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കീഴാറ്റൂര്‍ ജിഎല്‍പി സ്‌കൂളിന് സമീപം യോഗം ചേര്‍ന്നാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. നൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്കല്‍ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കെഎം വിജേഷാണ് അസോസിയേഷന്‍ സെക്രട്ടറി. കെഎ സലീം പ്രസിഡന്റും അഭയന്‍ ട്രഷററുമാണ്. ജില്ലയില്‍ പലയിടത്തും ലോക്കല്‍ സമ്മേളനങ്ങളില്‍ നേതൃത്വത്തിനെതിരെ അണികളുടെ മുറുമുറുപ്പ് ശക്തമാണ്. സംഘടനാ തെരഞ്ഞെടുപ്പിലെ അസംതൃപ്തിക്കൊപ്പം ഭരണതലത്തിലെ കെടുകാര്യസ്ഥതയും പ്രതിഷേധത്തിനിടയാക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളെയുള്‍പ്പെടെ നശിപ്പിക്കുന്ന കെ-റെയില്‍ പദ്ധതിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കാര്‍ഷിക സംസ്‌കൃതിക്ക് ഭീഷണിയുയര്‍ത്തി പരിസ്ഥിതി നാശം വിതച്ച് നടപ്പാക്കുന്ന പദ്ധതിക്കെതിരെ പാര്‍ട്ടി തലത്തില്‍ വിവിധ മേഖലകളില്‍ സര്‍ക്കാറിനെതിരെ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പുനരാലോചന വേണമെന്ന ആവശ്യവും സമ്മേളനങ്ങളില്‍ ഉയരുന്നുണ്ട്. ജനങ്ങളുടെ ദുരിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകുമ്പോള്‍ സര്‍ക്കാറിനെതിരെ സാധാരണക്കാരായ പ്രവര്‍ത്തകരില്‍ നിലനില്‍ക്കുന്ന വികാര പ്രകടനങ്ങള്‍ക്ക് കൂടിയാണ് സമ്മേളനങ്ങള്‍ വേദിയാകുന്നത്.