ഫിര്‍ദൗസ് കായല്‍പ്പുറം
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം സമ്മേളനങ്ങള്‍ വിഭാഗീയതയുടെ പോര്‍ക്കളങ്ങായി മാറുന്നു. ബ്രാഞ്ച്, ലോക്കല്‍ യോഗങ്ങള്‍ പൂര്‍ത്തിയാക്കി, ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് വിഭാഗീയത രൂക്ഷം. തിരുവനന്തപുരത്ത് ആദ്യ ഏരിയാ സമ്മേളനം നടന്ന വര്‍ക്കലയില്‍ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ പീഡന പരാതിയുയര്‍ത്തി വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മറ്റൊരു നേതാവിന് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കേണ്ടിവന്നു.
പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം വിഭാഗീയതയെ തുടര്‍ന്ന് മാറ്റിവെച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27, 28 തിയതികളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനം മാറ്റിയത്. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാളയാര്‍ ലോക്കല്‍ സമ്മേളത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം.
മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ഒതുക്കി മൂലക്കിരുത്തിയ ആലപ്പുഴയിലാണ് വിഭാഗീയതയുടെ കുത്തൊഴുക്ക്. സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, എച്ച്. സലാം, എ.എം ആരിഫ് എന്നീ നേതാക്കളെ അനുകൂലിക്കുന്നവര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ക്കുകയായിരുന്നു. ആലപ്പുഴയിലെ കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ രംഗത്തു വന്നതോടെ ജില്ലാ സെക്രട്ടറി ഇടപെട്ട് സമ്മേളനം നിറുത്തിവെച്ചു. സജി ചെറിയാനെയും ചിത്തരഞ്ജനെയും അനുകൂലിക്കുന്ന വിഭാഗങ്ങളാണ് പോര്‍വിളി നടത്തിയത്. കോഴിക്കോട് വിഭാഗീയത മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. നോര്‍ത്ത,് സൗത്ത് ഏരിയാ കമ്മിറ്റി സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷമായി. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി മന്ത്രി മുഹമ്മദ് റിയാസ് പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതിന്റെ പ്രതിഫലനമാണ് കോഴിക്കോട്ട് പോര് കടുപ്പിക്കുന്നത്.
കണ്ണൂരില്‍ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. തളിപ്പറമ്പില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ട് ഇടപെട്ടത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.