X

കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന യെച്ചൂരിക്ക് പിന്തുണയുമായി വി.എസിന്റെ കത്ത്

കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട് പക്ഷം ബന്ധത്തെ എതിര്‍ക്കുമ്പോള്‍ യെച്ചൂരി വിഭാഗം ബന്ധത്തെ അനുകൂലിക്കുന്ന നിലപാടിലാണ്. ഈ നിലപാട് ആവര്‍ത്തിച്ചതോടെ ഇരുപക്ഷങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനുള്ള സാധ്യതകള്‍ ഏറി. അനാരോഗ്യത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാത്ത വി.എസ് അച്യുതാനന്ദന്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കി. ഇന്ന് രാവിലെ 10.30ന് കൊല്‍ക്കത്തയിലെ മുസഫര്‍ അഹമ്മദ് നഗറിലാണ് കേന്ദ്രകമ്മിറ്റിയോഗം തുടങ്ങിയത്.

വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികളുമായി സഹകരിക്കണമെന്ന നിലപാടാണ് സീതാറാം യെച്ചൂരിയുടേത്. ഈ രേഖയും കാരാട്ടിന്റെ രേഖയും വീണ്ടും കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. സമവായമില്ലെങ്കില്‍ പിബിയില്‍ ന്യൂനപക്ഷമായെങ്കിലും ഈ രേഖയും കാരാട്ടിന്റെ രേഖയ്‌ക്കൊപ്പം ഹൈദാരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കണമെന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട ആവശ്യമേയില്ലെന്നും രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് അയക്കുന്ന കീഴ് വഴക്കം സിപിഎമ്മിനില്ലെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇരുരേഖകളും കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിടീക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കം. മണിക്ക് സര്‍ക്കാര്‍ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്ന നിലപാട് യോഗത്തില്‍ ഏറെ നിര്‍ണായകമാവും. ബുദ്ധദേവ് ഭട്ടാചാര്യയെ യച്ചൂരി ഫോണില്‍ വിളിച്ചു പിന്തുണക്കുള്ള നീക്കം ശക്തമാക്കി. കാരാട്ട് വിരോധിയായ ബുദ്ധദേവ് ഭട്ടാചാര്യയെ യോഗത്തിനെത്തിച്ച് പിന്തുണ വര്‍ദ്ധിപ്പിക്കാനാണ് യെച്ചൂരിയുടെ ശ്രമം. അതിനിടെ വി.എസിന്റേയും കത്ത് കേന്ദ്രകമ്മിറ്റിക്കെത്തി.

chandrika: