കൊല്‍ക്കത്ത: ഒടുവില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് സിപിഎം കേരളഘടകം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് സിപിഎം കേരളഘടകവും പൊളിറ്റ്ബ്യൂറോയില്‍ നിലപാട് സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ സിപിഎം പോളിറ്റ്ബ്യൂറോ അനുമതി നല്‍കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍ കേരളഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോളിറ്റ് ബ്യൂറോ അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കിനും തയ്യാറാവരുത് എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പിടിവാശി അസ്ഥാനത്താണ് എന്ന തിരിച്ചറിവാണ് നിലപാട് മാറ്റാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
ബിഹാറിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പമാണ് സിപിഎം മത്സരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വളരെ ദയനീയാവസ്ഥയിലുള്ള പാര്‍ട്ടിയെ കരകയറ്റാന്‍ കോണ്‍ഗ്രസ് സഖ്യം മാത്രമാണ് പരിഹാരം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിശ്ചിത ശതമാനം വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടും. ഇത് മറകടക്കാനാണ് സിപിഎം നേതൃത്വം പിടിവാശി ഉപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചത്.