X
    Categories: CultureMoreViews

മുസ്‌ലിംകള്‍ക്കിടയില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സി.പി.എം മാപ്പിള കലാമേള സംഘടിപ്പിക്കുന്നു

കണ്ണൂര്‍: ന്യൂനപക്ഷ വേട്ടയും സംഘപരിവാര്‍ അനുകൂല നിലപാടുകളും മൂലം മുസ്‌ലിം സമുദായത്തിനിടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സി.പി.എം മാപ്പിള കലാമേള സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നഗരത്തില്‍ മെയ് ആറ് മുതല്‍ 10 വരെയാണ് പരിപാടി. എന്‍. അബ്ദുല്ല കള്‍ച്ചറല്‍ ഫോറത്തിന്റേയും മര്‍ഹബ സാംസ്‌കാരിക സമിതിയുടേയും നേതൃത്വത്തിലാണ് സിറ്റി ഫെസ്റ്റ് എന്ന പേരില്‍ മാപ്പിള കലാമേള സംഘടിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ഷാജര്‍ ആണ് മേളയുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസും ഭരണകൂടവും തുടരുന്ന ഏകപക്ഷീയമായ മുസ്‌ലിം വേട്ട മൂലം സമുദായത്തില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകവും സി.പി.എമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തതും പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഘപരിവാറിനെ പ്രതിരോധിക്കുന്നത് ഞങ്ങളാണെന്ന് പറയുമ്പോഴും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ തുടരുന്ന സംഘപരിവാര്‍ അനുകൂല സമീപനത്തിനെതിരെ പാര്‍ട്ടിയിലെ മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. ഷുഹൈബ് വധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുസ്‌ലിങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമായെന്ന് പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: