കണ്ണൂര്‍: ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ പാര്‍ട്ടി തകര്‍ച്ചയിലാണെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തന റിപ്പോര്‍ട്ട്. രാജ്യത്തെ സിപിഎം അംഗങ്ങളില്‍ പകുതിയില്‍ ഏറെയും കേരളത്തില്‍ നിന്നുള്ളവരാണെന്ന കൗതുകവും പുറത്ത് വന്നു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മതേതര ബദല്‍ എന്ന ആവശ്യം ചിലകോണുകളില്‍ നിന്ന് ഉയരുമ്പോഴാണ് ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
രാജ്യത്ത് സിപിഎമ്മിന് 9,88,757 അംഗങ്ങളാണുള്ളത്. ഇതില്‍ സംസ്ഥാനത്ത് നിന്നുള്ള അംഗങ്ങള്‍ 5,27,147 ആണ്. ബംഗാളില്‍ 1,60,827 അംഗങ്ങള്‍ മാത്രമാണുള്ളത്. ബാക്കി 4,61,610 പേരാണ് ത്രിപുരയിലും ആന്ധ്രയിലും രാജസ്ഥാനിലുമുള്‍പ്പെടെയുള്ളത്. രാജ്യത്ത് കോണ്‍ഗ്രസ് തകരുന്നു എന്നും ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും സിപിഎം പ്രഖ്യാപിക്കുമ്പോഴാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവസ്ഥ പുറത്തായത്. ഇന്ന് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 905 അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ പകുതിയിലേറെ കേരളത്തിലും ബംഗാളില്‍ നിന്നുമുള്ളവരാണ്.ബംഗാളില്‍ അംഗങ്ങളുടെ എണ്ണം കുറയുന്നത് പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7500 ഓളം അംഗങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. യുവാക്കളുടെ പ്രാതിനിധ്യം 7.68 ആയി കുറഞ്ഞതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വര്‍ഷം യുവാക്കളുടെ പ്രാതിനിധ്യം 9.09 ആയിരുന്നു. എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 63675 അംഗങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.