തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫീസിലും ആഭ്യന്തരവകുപ്പിലും പിണറായി വിജയനെക്കാള്‍ ഉദ്യോഗസ്ഥര്‍ക്കാണ് സ്വാധീനമെന്ന് തെളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ പുതിയ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ പിണറായി വിജയന് കേന്ദ്ര നേതൃത്വം രഹസ്യനിര്‍ദേശം നല്‍കിയതായാണ് വിവരം.
തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് തെളിഞ്ഞതോടെ പിടിച്ചു നില്‍ക്കാനാവാതെ പിണറായി വിജയനും കുടുങ്ങിയിരിക്കുകയാണ്. താന്‍ മാറുകയാണെങ്കില്‍ തന്റെ വിശ്വസ്തനായ ഇപി ജയരാജനെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശമാണ് പിണറായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഈ നീക്കം പുറത്തു വന്നതോടെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ പണി തുടങ്ങി. മഹാരാഷ്ട്രയില്‍ ഇപി ജയരാജന്റെ 200 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാട് പുറത്തുവന്നത് ഇവരിലൂടെയാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സിപിഎമ്മിന് അകത്തുള്ളവര്‍ തന്നെയാണ്.
ധനമന്ത്രി തോമസ് ഐസകിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. ഇത് മനസിലാക്കിയ പിണറായി ഒരു മുഴം മുമ്പേ എറിഞ്ഞതാണ് കെഎസ്എഫ്ഇ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വിജിലന്‍സ് തോമസ് ഐസകിന്റെ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ റെയ്ഡ് നടത്തുന്നത് അസാധാരണമെന്ന് മനസിലാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പിണറായി ചെയ്തത്.
അധികാരമേറ്റത് മുതല്‍ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയ നേതാക്കളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മന്ത്രിസഭയില്‍ താനല്ലാത്ത ആരും മാധ്യമശ്രദ്ധ നേടരുതെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. ഗീതാ ഗോപിനാഥിനെ ധനകാര്യ ഉപദേഷ്ടാവായി കൊണ്ടുവന്നതും ഐസകിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
പിണറായിയുടെ ഏകാധിപത്യത്തില്‍ നിശബ്ദരായിരുന്ന നേതാക്കളെല്ലാം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുരുക്കിലായതോടെ പിണറായിക്കെതിരെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെ കളിച്ചാല്‍ പണിവരുമെന്ന മുന്നറിയിപ്പാണ് പിണറായി കെഎസ്എഫ്ഇ റെയ്ഡിലൂടെ നല്‍കിയത്. എന്നാല്‍ തലക്ക് സുഖമില്ലാത്തവരാണ് റെയ്ഡിന് പിന്നിലെന്ന് ഐസക് തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.
എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് തെളിയും. ഇത് സര്‍ക്കാറിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാവും. ഇത്കൂടി മുന്‍കൂട്ടി കണ്ടാണ് പിണറായിയെ മാറ്റാന്‍ സിപിഎം ആലോചിക്കുന്നത്.