X

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ബാദല്‍ ചൗധരി അഴിമതിക്കേസില്‍ അറസ്റ്റില്‍

അഗര്‍ത്തല: അഴിമതി കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍ത്തലയിലെ ആസ്പത്രിയില്‍ ഹൃദ്രോഗബാധിതനായി ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് ദിവസത്തെ തെരച്ചിലിന് ശേഷമാണ് ബാദല്‍ ചൗധരിയുടെ അറസ്റ്റ്. മന്ത്രിയായിരിക്കെ 600 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഫ്‌ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതിക്കേസ്.

ബാദല്‍ ചൗധരി അബോധാവസ്ഥയില്‍ ആയതിനാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാലത്ത് പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ബാദല്‍ ചൗധരി 600 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ബാദല്‍ ചൗധരിക്കെതിരെ അഴിമതി, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബാധല്‍ ചൗധരിയുടെ അറസ്റ്റ് വൈകുന്നതിനെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ ജില്ലാ സെഷന്‍സ് കോടതി ബാദല്‍ ചൗധരിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

chandrika: