സിപിഎം നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് പാർട്ടി. ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം. തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കൊടകര കേസ് മറക്കാൻ ബിജെപിയെ സഹായിക്കുകയാണ് സിപിഎം. ഇരുപാർട്ടികൾക്കും മുഖ്യ ശത്രു കോൺഗ്രസാണ്. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ കയറിയത് പാർട്ടി ഗൗരവത്തോടെ കാണും. നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
അതേസമയം പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. പൊലീസെത്തും മുൻപേ പണം ഒളിപ്പിച്ചുവെന്നും മുഴുവൻ വിവരങ്ങളും ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണം എത്തിയന്ന വിവരം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആളെക്കൂട്ടി ബലംപ്രയോഗിച്ച് മറയ്ക്കാനാവില്ല. എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.