പഴയ താളുകള്‍
കെ.പി ജലീല്‍
ഇന്ദിരാഗാന്ധിയുടെ വധത്തോടെ ഇന്ത്യാചരിത്രത്തിലാദ്യമായി നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ 1984ല്‍ അധികാരത്തിലേറിയ രാജീവ്ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ചതാണ് 1989ല്‍ രൂപീകൃതമായ ദേശീയമുന്നണി. ആന്ധ്രമുഖ്യമന്ത്രിയായിരുന്ന നടന്‍കൂടിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ എന്‍.ടി. രാമറാവുവായിരുന്നു സഖ്യത്തിന്റെ ചെയര്‍മാന്‍. ജനതാദള്‍നേതാവും രാജീവ് മന്ത്രിസഭയില്‍നിന്ന് പുറത്തായതുമായ വിശ്വനാഥ് പ്രതാപ്‌സിംഗ് കണ്‍വീനറും. ജനതാദളിനുപുറമെ ഡി.എം.കെ, ആസാംഗണപരിഷത്ത്, ജെ.എം.എം എന്നിവയും മുന്നണിയില്‍ അംഗങ്ങളായി. അറുപതുകോടിയുടെ ബോഫോഴ്‌സ് തോക്കിടപാടാണ് രാജീവ് സര്‍ക്കാരിനെതിരെ ദേശീയമുന്നണി അധികാരലബ്ധിക്കായി ആയുധമാക്കിയത്. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 197ഉം ദേശീയമുന്നണി 147ഉം ബി.ജെ.പി 85ഉം സീറ്റുകള്‍ നേടി വി.പി സിംഗ് ദേശീയമുന്നണിയുടെ പ്രധാനമന്ത്രിയായി. ഈ മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചത് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നായിരുന്നു.
സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി ചര്‍ച്ചചെയ്യാനായി ആഴ്ചയിലൊരുതവണ ഈ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ ഒരുമിച്ചിരുന്ന് നടത്തിയ അത്താഴസല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ ഇന്നും ചരിത്രരേഖകളിലുണ്ട്. ബി.ജെ.പിനേതാക്കളായ എ.ബി വാജ്‌പേയി, എല്‍.കെ. അഡ്വാനി, സി.പി.എം നേതാക്കളായ ഇ.എം.എസ് നമ്പൂതിരിപ്പാട്, ജ്യോതിബസു, ടി.ഡി.പി നേതാവ് എന്‍.ടി രാമറാവു തുടങ്ങിയവര്‍ പതിവായി ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തുമായിരുന്നു. പിന്നീട് കെ. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായെങ്കിലും ഏഴുമാസത്തിനിടെ 1991 ജൂണില്‍ നിലംപൊത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ തമിഴ്‌നാട്ടില്‍ രാജീവ്ഗാന്ധി കൊല്ലപ്പെടുന്നു. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചെത്തി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി. 1996ലെ തിരഞ്ഞെടുപ്പില്‍ പുതിയ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി. ജനതാദള്‍, സമാജ് വാദിപാര്‍ട്ടി, ടി.ഡി.പി, എ.ജി.പി, സി.പി.എം, സി.പി.ഐ, ആര്‍.എസ്,പി, ഫോര്‍വേഡ് ബ്ലോക്ക്, ഡി.എം.കെ, തമിഴ് മാനിലാകോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരടക്കം 13 കക്ഷികളാണ് മുന്നണിയില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 149 ഉം ബി.ജെ.പിക്ക് 161ഉം ഐക്യമുന്നണിക്ക് 179ഉം സീറ്റുകള്‍ ലഭിച്ചു. ജനതാദളിന്റെ എച്ച്.ഡി.ദേവെഗൗഡ പ്രധാനമന്ത്രിയായി. വൈകാതെ ഗൗഡയെ മാറ്റി ഐ.കെ ഗുജ്‌റാള്‍ അധികാരമേറ്റു. ഈ സര്‍ക്കാര്‍ 98ല്‍ നിലംപതിച്ചു.
(1977ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘവുമായി സി.പി.എം യോജിച്ചുപ്രവര്‍ത്തിച്ചിരുന്നു.)