ശരീഫ് കരിപ്പൊടി
കാസര്‍കോട് :യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ കാലങ്ങളായുള്ള ബിജെപി- എല്‍ഡിഎഫ് അന്തര്‍ധാരയ്ക്ക് വോട്ടു കണക്കുകള്‍ തെളിവ്. 2006ന് ശേഷം മണ്ഡലത്തില്‍ എല്‍ഡിഎഫ് പെട്ടിയിലാക്കിയ വോട്ടിംഗ് കണക്കുകളാണ് ബിജെപി ബന്ധത്തിന്റെ ഉള്ളറരഹസ്യം പകല്‍പോലെ പ്രകടമാക്കുന്നത്. 2006ലാണ് അതുവരെ സിപിഎം മത്സരിച്ചിരുന്ന സീറ്റ് ഐഎന്‍എല്ലിന് വിട്ടുനല്‍കിയത്. ആ തെരഞ്ഞെടുപ്പില്‍ സിടി അഹമ്മദലി 10342 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഏഴാംതവണയും നിയമസഭയിലേക്ക് ഏണി കയറി.
യുഡിഎഫ് 38774 വോട്ടും ബിജെപി 28432 വോട്ടും ഐഎന്‍എല്‍ 27790 വോട്ടുമാണ് പെട്ടിയിലാക്കിയത്. 2011ല്‍ എന്‍എ നെല്ലിക്കുന്ന് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു 9738 വോട്ടിന് ജയിച്ചു. യുഡിഎഫിന് 53068 വോട്ടും ബിജെപിക്ക് 43330 വോട്ടും നേടിയപ്പോള്‍ ഐഎന്‍എല്‍ 16467 വോട്ടേ നേടാനായുള്ളൂ. 2016ല്‍ എന്‍എ നെല്ലിക്കുന്ന് 8607 ഭൂരിപക്ഷത്തില്‍ വീണ്ടും നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പെട്ടിയിലെത്തിയത് 64727 വോട്ടുകള്‍. 56120 വോട്ട് ബിജെപിയും നേടി. എന്നാല്‍ എല്‍ഡിഎഫിന്റെ വോട്ട് വെറും 21615 ആണ്.
അതായത് പത്തുവര്‍ഷം കൊണ്ട് യുഡിഎഫ്, ബിജെപി മുന്നണികള്‍ക്ക് ഇരട്ടിയോളം വോട്ടുകള്‍ വര്‍ധിച്ചപ്പോള്‍ എല്‍ഡിഎഫ് മുന്നണിക്ക് 6175 വോട്ട് കുത്തനെ കുറഞ്ഞു. പുതിയ വോട്ടുകള്‍ ഉള്‍പ്പടെ പത്തുവര്‍ഷം കൊണ്ട് യുഡിഎഫിന് 25,953 വോട്ടുകളും ബിജെപിക്ക് 27,688 വോട്ടുകളും വര്‍ധിച്ചതായാണ് കണക്ക്. എന്നാല്‍ എല്‍ഡിഎഫിന് പുതിയ ഒരു വോട്ടു പോലും വര്‍ധിച്ചില്ലെന്ന് മാത്രമല്ല, 2006ല്‍ നിന്ന് 2016ലെത്തുമ്പോള്‍ ആറായിരത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു.
അതേസമയം, 2001ലും അതിന് മുമ്പും എല്‍ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്‍ പ്രതിവര്‍ഷം കൂടിയ സ്ഥാനത്താണ് ഐഎന്‍എല്ലിന് സീറ്റ് വിട്ടുനല്‍കിയതിന് ശേഷം വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്‍ സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്‍ധാരയിലേക്കാണ് വോട്ടുചോര്‍ച്ച വിരല്‍ചൂണ്ടുന്നത്. ഈ അന്തര്‍ധാര മനസിലാക്കി ഇനിയൊരിക്കല്‍കൂടി ചാവേറാവാന്‍ ഞങ്ങളില്ലെന്ന് മുന്നണിയോട് കേണപേക്ഷിച്ചിട്ടും ഇക്കുറി വീണ്ടും ഐഎന്‍എല്ലിന് സീറ്റ് നല്‍കി ബിജെപിക്ക് വോട്ട് മറിക്കാന്‍ അവസരമുണ്ടാക്കുകയാണ് സിപിഎം നേതൃത്വം.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയ പിണറായി വിജയന്‍ നാലു മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തെങ്കിലും കാസര്‍കോട് മണ്ഡലത്തിലെത്താതും ഇടതുപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനും നിരാശയ്ക്കും ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെയും മുന്നണി നേതാക്കളുടെയും ഇരട്ടത്താപ്പ് നിലപാട് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.