X

സി.പി.എം-ബി.ജെ.പി ‘ഇടനിലക്കാരന്റെ’ പാഠം വേണ്ട

വി.ഡി സതീശന്‍
(പ്രതിപക്ഷ നേതാവ്)

കേരളത്തില്‍ യാതൊരു രാഷ്ട്രീയ പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയായി ബി.ജെ.പി മാറി. സി.പി.എം സംസ്ഥാന ഘടകത്തിനും ബി.ജെ.പി ദേശീയ നേതൃത്വത്തിനും ഇടയിലുള്ള ‘ഒത്തുതീര്‍പ്പ്’ രാഷ്ട്രീയത്തിലെ ഇടനിലക്കാരായാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ളവരാണ് സി.പി.എം നേതാക്കളുമായി ചേര്‍ന്ന് ‘സഹകരണാത്മക സംഘ’മായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ഈ ഒത്തുതീര്‍പ്പ് നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കണ്ടതുമാണ്.

താമരക്കുമ്പിളില്‍ വിരിഞ്ഞ സി.പി.എം തുടര്‍ഭരണത്തിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആരോപണവിധേയരായ സ്വര്‍ണക്കടത്ത് കേസിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന കൊടകര കുഴല്‍പ്പണ കേസിലും വി. മുരളീധരന്‍ ഇടനിലക്കാരനായി തിളങ്ങിയതും മുന്നിലുണ്ട്. അങ്ങനെയുള്ള ഒരാള്‍ യു.ഡി.എഫിനെ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ വരുന്നത് അപഹാസ്യമാണ്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചുകൊണ്ട് 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്ന ഘട്ടത്തില്‍, 2020 ഡിസംബര്‍ ഏഴിന് ഫെഡറല്‍ തത്വങ്ങള്‍ ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മറ്റൊരു കത്ത്കൂടി അയച്ചു. ഈ കത്തോടെ അന്വേഷണങ്ങളെല്ലാം നിലച്ചു. മുഖ്യമന്ത്രിയുടെ കത്തില്‍ തുടങ്ങിയ അന്വേഷണം അദ്ദേഹത്തിന്റെതന്നെ മറ്റൊരു കത്തില്‍ അവസാനിക്കുന്നതാണ് കേരളം കണ്ടത്. ഇത് സംബന്ധിച്ച് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. തെളിവുകളുണ്ടായിട്ടും മുഖ്യമന്ത്രിയെ ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍പോലും കേന്ദ്ര ഏജന്‍സികള്‍ തയാറാകാത്തത് ബി.ജെ.പി-സി.പി. എം ഒത്തുതീര്‍പ്പ് സംഘത്തിന്റെ ഇടപെടല്‍ അടിവരയിടുന്നതാണ്.

സുപ്രീംകോടതിയിലുള്ള ലാവലിന്‍ കേസ് 33 തവണ മാറ്റിവെപ്പിച്ച് പിണറായി വിജയനെ രക്ഷിക്കാന്‍ ഇടപെടുന്നതും ഇതേ ‘ഒത്തുതീര്‍പ്പ് സംഘ’മല്ലാതെ മാറ്റാരാണ്? രാജ്യാന്തര മാനങ്ങളുള്ള സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം തുടങ്ങിയപ്പോള്‍തന്നെ സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ചാനല്‍ വഴിയല്ലെന്ന് പറഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരനാണ്. ഇതും കേരള മുഖ്യമന്ത്രിക്ക് സുരക്ഷാകവചം ഒരുക്കുന്നതിന്റെ ഭാഗമായുള്ള തന്ത്രമായേ കാണാനാകൂ.

കിഫ്ബി മസാല ബോണ്ടുകള്‍ ഇറക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 293 ന് എതിരാണെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷവും യു.ഡി.എഫുമാണ്. ഉയര്‍ന്ന പലിശയും മസാല ബോണ്ട് എസ്.എന്‍.സി ലാവലിലുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ എന്ന കമ്പനിക്ക് വിറ്റതും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടിയത് യു.ഡി.എഫാണ്. അപ്പോഴൊക്കെ വി. മുരളീധരന്‍ എവിടെയായിരുന്നു? പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ മാത്രമാണ് സി.എ.ജിയും പിന്നീട് കണ്ടെത്തിയത്. എന്നാല്‍ ഭരണഘടനാ വിരുദ്ധമായ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ, വിദേശവിനിമയ നടപടിക്രമങ്ങളിലെ തെറ്റായി മാത്രം വ്യാഖ്യാനിച്ച് സി. പി.എം നേതാക്കളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കത്തെയാണ് യു. ഡി.എഫ് എതിര്‍ത്തത്.

ബി.ജെ.പി-സി.പി.എം സംഘത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ടാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുണ്ടായിരുന്നതും. സര്‍വകലാശാലകളില്‍ സി.പി.എം നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണറും കൂട്ടുനിന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനമെടുത്ത വി.സിക്ക് ചട്ടവിരുദ്ധ പുനര്‍നിയമനം നല്‍കിയതും സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ്. തന്റെ ജില്ലക്കാരനായ വി.സിക്കു പുനര്‍നിയമനം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ സി.പി.എമ്മും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് വ്യാജ ഏറ്റുമുട്ടല്‍ മാത്രമാണ്.

വി.സി നിയമനങ്ങളെല്ലാം ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന സര്‍വകലാശാലയുടെ അതേ നിലപാടാണ് സുപ്രീംകോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചത്. വി.സിമാരുടെ നിയമനം തെറ്റാണെന്ന് സുപ്രീംകോടതി നിലപാടെടുത്തതോടെ പരാജയപ്പെട്ടത് സര്‍ക്കാരും ഗവര്‍ണറുമാണ്. പ്രതിപക്ഷ നിലപാടാണ് കോടതിയും അംഗീകരിച്ചത്. സര്‍വകലാശാലകളില്‍ സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് നടപ്പാക്കിയ അനധികൃത നിയമനങ്ങളും ചട്ടവിരുദ്ധമായ നടപടികളുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ധാരണ തെറ്റിയപ്പോഴാണ് ചാന്‍സലറെ മാറ്റാനുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

സര്‍വകലാശാലകളെ സംഘിവത്കരിക്കാനും കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാനും യു.ഡി.എഫ് അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ചാന്‍സലറാക്കണമെന്ന ഭേദഗതി പ്രതിപക്ഷം മുന്നോട്ടുവച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ ആ സ്ഥാനത്തേക്ക് അതുപോലെ പ്രധാനപ്പെട്ട ആളുകളാണ് വരേണ്ടത്. ഈ ഭേദഗതി സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുന്നതാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലും വിഷയാധിഷ്ഠിതമായിരുന്നു പ്രതിപക്ഷ നിലപാട്.

പ്രളയത്തില്‍ വീടുകളും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കാന്‍ എന്റെ മണ്ഡലമായ പറവൂരില്‍ വിജയകരമായി നടപ്പാക്കിയ ‘പുനര്‍ജനി പദ്ധതി’ക്കെതിരെയും വി. മുരളീധരന്‍ ദുരാരോപണം ഉന്നയിച്ചിട്ടുണ്ട്. പുനര്‍ജനിയിലൂടെ പറവൂരില്‍ 265 വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. ഇത് കൂടാതെ തൊഴില്‍ ഉപകരണങ്ങളും കുട്ടികള്‍ക്ക് പഠനോപകരങ്ങളും നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെയും സി.പി.എമ്മും ബി.ജെ.പിയും ആരോപണം ഉന്നയിച്ചതാണ്. സംസ്ഥാന ആഭ്യന്തര വകുപ്പും സ്പീക്കറും ആരോപണം പരിശോധിച്ചു. നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിക്കളഞ്ഞതാണ്. ഇതൊന്നും മുരളീധരന് അറിയാത്തതല്ല. കേന്ദ്രമന്ത്രി എന്നതിലുപരി ‘സി.പി.എം-ബി. ജെ.പി ഇടനിലക്കാരന്‍’ എന്ന നിലയിലാണ് ജനങ്ങള്‍ വി മുരളീധരനെ വിലയിരുത്തുന്നത്. അതില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള കൗശലമാണ് എനിക്കെതിരായ നുണക്കഥ.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിലും സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ പുലര്‍ത്തിയ മൗനവും നിസംഗതയും സംശയകരമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കാറുള്ള ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ എവിടെയായിരുന്നു? ആരാണ് കേരളത്തിലെ സി.പി. എം നേതാക്കള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതില്‍നിന്നും കേന്ദ്ര ഏജന്‍സികളെ വിലക്കുന്നത്? സി.പി.എം നേതാക്കളുടെ ഇടനില ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വവും അവരുടെ കേന്ദ്ര നേതാവിനും ഇക്കാര്യത്തില്‍ മറുപടി നല്‍കാനുള്ള ബാധ്യതയുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേന്ദ്ര സംസ്ഥാന ഏജന്‍സികളിള്‍ ഏത് അന്വേഷിച്ചാലും കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷം സംശയിക്കുന്നു. കാരണം ഇടനിലക്കാരായി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒത്തുതീര്‍പ്പാക്കി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവിശുദ്ധ സംഘമായാണ് ‘സി.പി.എം-ബിജെ.പി സഹകരണാത്മക സംഘം’ പ്രവര്‍ത്തിക്കുന്നത്.

വി. മുരളീധരന്‍ എനിക്കെതിരായ ലേഖനത്തില്‍ പറയുന്നത് പോലെ ‘നിലപാടുകളില്‍ വ്യക്തതയുള്ള, പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് കാലഘട്ടത്തിന്റെ ആവശ്യം.’ സി.പി.എം-ബി.ജെ.പി സഹകരണ സംഘത്തിന് ആ ആവശ്യം നിറവേറ്റാനുള്ള ആര്‍ജവമില്ല. അവിടെയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രസക്തി. കേരളത്തിലെ ജനങ്ങള്‍ അത് തിരിച്ചറിയുമെന്ന് ഉറപ്പാണ്.

webdesk13: