X
    Categories: indiaNews

ബംഗാളില്‍ സി.പി.എം- ബി.ജെ.പി ചര്‍ച്ച; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് തൃണമൂല്‍

സിലിഗുഡി: പശ്ചിമ ബംഗാളില്‍ മുതിര്‍ന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയും ബി.ജെ.പി നേതാക്കളും തമ്മില്‍ ദീപാവലി ദിനത്തില്‍ നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് സി.പി.എം-ബി. ജെ.പി ചര്‍ച്ചയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

ബി. ജെ.പി എം.പി രാജു ബിസ്തയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. അതേസമയം ചര്‍ച്ചയല്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം. എം.പി ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ദീപാവലി ആശംസ നേരാനെത്തിയത്. തന്റെ ഭാര്യയുടെ ചരമവാര്‍ഷികം കൂടിയായിരുന്നു അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ബി.ജെ.പി എം.പിക്കൊപ്പം സിലിഗുഡിയില്‍ നിന്നുള്ള എം.എല്‍.എ ശങ്കര്‍ ഘോഷും കൂടെയുണ്ടായിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനമല്ല നടന്നതെന്നും വടക്കന്‍ ബംഗാളില്‍ സര്‍ക്കാറിനെതിരെ അട്ടിമറിക്കായുള്ള നീക്കമാണ് ബി.ജെ.പിയും സി.പി. എമ്മും നടത്തുന്നതെന്ന് ടി. എം.സി ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം ബി.ജെ.പി സി.പി.എമ്മുമായി ചേര്‍ന്ന് അട്ടിമറി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ബംഗാളില്‍ കാര്യമായ സ്വാധീനമുള്ള നേതാവാണ് ഭട്ടാചാര്യ. നേരത്തെ നിരവധി ഇടത് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ ബംഗാളില്‍ ഭട്ടാചാര്യയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനായാല്‍ ഡാര്‍ജിലിങ് മേഖലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുറപ്പിക്കാനാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്തായ മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളു കൂടിയാണ് അശോക് ഭട്ടാചാര്യ.

Test User: